- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹയർസെക്കൻഡറി പ്രിൻസിപ്പൽ നിയമനം: അദ്ധ്യാപികയെ തരംതാഴ്ത്തിയത് നിയമവിരുദ്ധമെങ്കിൽ കർശന നടപടിയെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: എ.ഇ.ഒ തസ്തികയിലുള്ളയാൾക്ക് ഹയർസെക്കൻഡറി പ്രിൻസിപ്പൽ നിയമനം നൽകാൻ അദ്ധ്യാപികയെ തരംതാഴ്‌ത്തിയെന്ന പരാതി പരിശോധിക്കുമെന്നും നിയമവിരുദ്ധമാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിയമവിരുദ്ധ നടപടി ഉണ്ടായോ എന്ന് പരിശോധിക്കും. ഏത് അദ്ധ്യാപക സംഘടനയിൽ പ്രവർത്തിച്ചയാൾക്കുവേണ്ടിയാണ് തരംതാഴ്‌ത്തൽ നടത്തിയതെങ്കിലും അന്യായമോ നിയമവിരുദ്ധ നടപടിയോ ഉണ്ടായെങ്കിൽ പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എ.ഇ.ഒ തസ്തികയിലുണ്ടായിരുന്ന പി. രവീന്ദ്രന് സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പൽ തസ്തികയിൽ നിയമനം നൽകാനാണ് എച്ച്.എസ്.എസ്.ടി (സോഷ്യോളജി) തസ്തികയിൽ ജോലി ചെയ്തിരുന്ന നിഷ ലൂക്കോസിനെ എച്ച്.എസ്.എസ്.ടി ജൂനിയറായി തരംതാഴ്‌ത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച മാധ്യമ വാർത്തകൾ ശ്രദ്ധയിൽപെട്ടതായും വിഷയം ഗൗരവമായിട്ടാണ് കാണുന്നതെന്നും ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ശേഷം സ്ഥലംമാറ്റവും പ്രമോഷനുമെല്ലാം പരാതികളില്ലാതെ നടപ്പാക്കാനാണ് ശ്രമിച്ചത്. അദ്ധ്യാപികയെ തരംതാഴ്‌ത്തിയതിനെതിരെ കോടതിയെ സമീപിക്കാൻ അദ്ധ്യാപക സംഘടനകൾക്ക് അവകാശമുണ്ടെന്നും ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
ഹയർസെക്കൻഡറി വിശേഷാൽ ചട്ടങ്ങളിലും കേരള വിദ്യാഭ്യാസ ചട്ടങ്ങളിലും കാലാനുസൃത പരിഷ്‌കരണം ആവശ്യമാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി റൂളുകൾ മാറ്റേണ്ടിവരും. സർക്കാർ സ്‌കൂളുകളിൽ ഒഴിവുള്ള മുഴുവൻ വേക്കൻസികളും റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ അദ്ധ്യാപക സംഘടനകളിൽനിന്ന് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഉത്തരവ് പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഫെഡറേഷൻ ഓഫ് ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻസ് (എഫ്.എച്ച്.എസ്.ടി.എ) ചെയർമാൻ ആർ. അരുൺകുമാർ അറിയിച്ചു.




