- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം വാങ്ങാനെന്ന വ്യാജേന ഷോറൂമിൽ എത്തി; ട്രെയിൽ നിരത്തിയ ആഭരണങ്ങളുമായി രക്ഷപ്പെടാൻ ശ്രമം; കല്യാൺ ജൂവലേഴ്‌സിന്റെ ഷോറൂമിൽ തോക്കുമായി എത്തി മോഷണ ശ്രമം നടത്തിയ പ്രതി പിടിയിൽ
കൊച്ചി: കല്യാൺ ജൂവലേഴ്‌സിന്റെ എംജി റോഡിലെ ഷോറൂമിൽ തോക്കുമായി എത്തി കവർച്ചയ്ക്കു ശ്രമിച്ച യുവാവ് അറസ്റ്റിൽ. സ്വർണം നിരത്തിയ ട്രെയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പാലക്കാട് സ്വദേശി മനു അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണു സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേനയാണു പ്രതി ഷോറൂമിൽ എത്തിയത്. സെയിൽസ്മാൻ മുൻപിലെ ട്രേയിൽ നിരത്തി ആഭരണങ്ങൾ പ്രദർശിപ്പിക്കുന്നതിനിടെ ട്രേയുൾപ്പെടെ ആഭരണങ്ങൾ തട്ടിയെടുത്ത് ഓടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ജീവനക്കാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
മനു സ്വർണവുമായി ഓടുന്നതു കണ്ട ജീവനക്കാർ പിന്നാലെ പാഞ്ഞു. ജൂവലറിയിലെ ജീവനക്കാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ചേർന്നു സാഹസികമായി പ്രതിയെ കീഴടക്കി. തുടർന്നു നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശം എയർ പിസ്റ്റൾ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ സെൻട്രൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഷോറൂമിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ പ്രതി തോക്കു ചൂണ്ടുന്ന ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്നാണു വിവരം.
പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ഭയപ്പെടുത്താൻ എയർ പിസ്റ്റൾ കയ്യിൽ കരുതിയതാകാം എന്നാണു പൊലീസിന്റെ നിഗമനം. തോക്കിനെ കുറിച്ചു പൊലീസ് അന്വേഷിക്കുന്നുണ്ട്. ജീവനക്കാരുടെ സമർപ്പണം കൊണ്ടാണു സ്വർണം നഷ്ടപ്പെടാതിരുന്നതെന്നു കല്യാൺ ജൂവലേഴ്‌സ് മാനേജ്‌മെന്റ് പ്രതികരിച്ചു. അക്രമിയെ ജീവനക്കാർതന്നെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നെന്നും ജൂവലറിക്കുള്ളിൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടായില്ലെന്നും അവർ പ്രതികരിച്ചു.



