കണ്ണൂർ: സംസ്ഥാനത്ത് 64,004 അതിദരിദ്ര കുടുംബങ്ങളെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ സമ്പൂർണ ദാരിദ്ര്യമുക്തമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയിലാണ് അരലക്ഷത്തിലധികം അതിദരിദ്ര കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തിയത്. ഈ കുടുംബങ്ങളിലായി 1,08,000 അംഗങ്ങളുണ്ട്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ സംസ്ഥാനത്താകെ വാർഡ് അടിസ്ഥാനത്തിൽ നടന്ന കണക്കെടുപ്പിലാണ് കുടുംബങ്ങളെ കണ്ടെത്തിയത്.

ഈ കുടുംബങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കിയ സൂക്ഷ്മാസൂത്രണത്തിന്റെ (മൈക്രോ പ്ലാൻ) അടിസ്ഥാനത്തിൽ അവകാശരേഖകൾ ഡിസംബറോടെ എല്ലാ കുടുംബങ്ങളിലും എത്തുമെന്ന് മന്ത്രി എം.ബി. രജേഷ് പറഞ്ഞു. അടിയന്തര-ഹ്രസ്വകാല-ദീർഘകാല പദ്ധതികളാണ് ഇവരുടെ ഉന്നമനത്തിനായി തദ്ദേശവകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഭക്ഷണം, ചികിത്സ എന്നിവയ്ക്ക് പുറമേ, റേഷൻകാർഡ്, ആധാർകാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നീ അവകാശരേഖകൾ ഈ കുടുംബങ്ങൾക്ക് ലഭ്യമാക്കുകയാണ് ആദ്യഘട്ടം.

വിദ്യാഭ്യാസം, തൊഴിൽ, വീടില്ലാത്തവർക്ക് താത്കാലിക വാസസ്ഥലം ഒരുക്കൽ എന്നിവ ഹ്രസ്വകാല പദ്ധതിയിൽ ഉൾപ്പെടുന്നു. ആവശ്യമുള്ളവർക്ക് വീട് നിർമ്മിച്ചുനൽകുകയാണ് ദീർഘകാല പദ്ധതിയിൽപ്പെടുന്നത്. ലൈഫ് പദ്ധതിയിൽ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണനയുണ്ട്. നാലുവർഷത്തിനിടയിൽ സംസ്ഥാനത്തെ ദാരിദ്ര്യമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി രാജേഷ് പറഞ്ഞു.

അതിദരിദ്ര കുടുംബങ്ങളുടെ എണ്ണം ജില്ല തിരിച്ച്

തിരുവനന്തപുരം (7,278), കൊല്ലം (4,461), ആലപ്പുഴ (3,613), പത്തനംതിട്ട (2,579), കോട്ടയം (1,071), ഇടുക്കി (2,665), എറണാകുളം (5,650), തൃശ്ശൂർ (5,013), പാലക്കാട് (6,443), മലപ്പുറം (8,553), കോഴിക്കോട് (6,773), വയനാട് (2,931), കണ്ണൂർ (42,08), കാസർകോട് (2,768).