കോട്ടയം: സംസ്ഥാനത്തെ 505 ഗ്രാമപ്പഞ്ചായത്തുകളിൽക്കൂടി ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് -2 തസ്തികകൾ. തദ്ദേശസ്വയംഭരണവകുപ്പ് തത്കാലികമായാണ് തസ്തികകൾ അനുവദിച്ചിരിക്കുന്നത്. ഈ തസ്തികളിൽ കരാറടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തണമെന്നാണ് ഉത്തരവ്.

ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്ക് രോഗപ്രതിരോധപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകേണ്ട സാഹചര്യമാണ്. പഞ്ചായത്തുകളുടെ അടിസ്ഥാന ഉത്തരവാദിത്തമായ മാലിന്യനിർമ്മാർജനം, ശുചീകരണം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കാൻ ബുദ്ധിമുട്ടും നേരിട്ടിരുന്നു. ഇത് കണക്കിലെടുത്താണ്, മുനിസിപ്പാലിറ്റികളുടേതിന് സമാനമായി ഗ്രാമപ്പഞ്ചായത്തുകളിലും ഹെൽത്ത് ഇൻസ്പെക്ടർ തസ്തിക സൃഷ്ടിച്ചത്. എന്നാൽ ഇത്തരം നിയമനങ്ങൾ രാഷ്ട്രീയപ്രേരിതമായി നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

അതേസമയം ഇതിന് തനത് ഫണ്ട് പര്യാപ്തമാണെന്ന് റിപ്പോർട്ടുചെയ്ത പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് -2 തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താനാണ് നിർദ്ദേശം. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2 മുനിസിപ്പൽ കോമൺ സർവീസ് റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. 2020 ജനുവരിയിലാണ് ഇത് നിലവിൽവന്നത്. തദ്ദേശസ്വയംഭരണ സർവീസ് ഏകീകരിച്ചതിനാൽ ഈ റാങ്ക്ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ പഞ്ചായത്തിലെ പുതിയ തസ്തികളിൽ നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ഉദ്യോഗാർഥികൾ മന്ത്രി എം.ബി. രാജേഷിന് നിവേദനം നൽകി.