തിരുവനന്തപുരം: ജീവനക്കാരനെ പങ്കാളിത്തപെൻഷനിൽ ചേർക്കുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരിൽനിന്ന് 3.25 ലക്ഷം രൂപ ഈടാക്കാൻ ഉത്തരവ്. ഈ പണം മരിച്ചുപോയ ജീവനക്കാരന്റെ ഭാര്യക്ക് നൽകും. പങ്കാളിത്തപെൻഷനിൽ ഉൾപ്പെടുത്താത്തതിന് ഉത്തരവാദികളായ ശമ്പളവിതരണച്ചുമതലയുള്ള ഉദ്യോഗസ്ഥരിൽനിന്ന് പിഴയീടാക്കുന്നത് ആദ്യമായാണ്. പങ്കാളിത്തപെൻഷനിൽ ചേരുന്നതിനുമുമ്പ് ജീവനക്കാരൻ മരിച്ചുപോയ സംഭവത്തിലാണ് സർക്കാരിന്റെ ഉത്തരവ്.

ആരോഗ്യവകുപ്പിൽ ക്ലാർക്കായിരിക്കെ മരിച്ച ജീവനക്കാരന്റെ ഭാര്യ, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാസമിതിക്ക് നൽകിയ അപേക്ഷയിലാണ് നടപടി. 2ജീവനക്കാരൻ 2015 മെയ്‌ 25-ന് ആരോഗ്യവകുപ്പിൽ ഓഫീസ് അറ്റൻഡന്റായി ജോലിയിൽ പ്രവേശിച്ചു. ആ വർഷം ഓഗസ്റ്റിൽ സിവിൽ സപ്ലൈസ് വകുപ്പിൽ പി.എസ്.സി. മുഖേന ക്ലാർക്കായി നിയമനം കിട്ടി. പങ്കാളിത്തപെൻഷനിൽ ചേർന്നിരുന്നില്ല. 2021 ഫെബ്രുവരി ഒന്നിന് അന്തരിച്ചു. പെൻഷൻപദ്ധതിയിൽ ചേരാത്തതിനാൽ കുടുംബത്തിന് ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല.

പങ്കാളിത്തപെൻഷനിൽ ഉൾപ്പെടുത്തുന്നതിൽ വകുപ്പിലെ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയതായി നിയമസഭാസമിതി കണ്ടെത്തി. യഥാസമയം പങ്കാളിത്തപെൻഷൻ പദ്ധതിയിൽ ചേർന്നിരുന്നെങ്കിൽ ലഭിക്കുമായിരുന്ന തുക പലിശസഹിതം കണക്കാക്കി അറിയിക്കാൻ സർക്കാരിന് റിപ്പോർട്ട് നൽകാൻ നിയമസഭാസമിതി ഉപഭോക്തൃകമ്മിഷണർക്ക് നിർദ്ദേശം നൽകി.

ഈ തുക വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണം. ജീവനക്കാരന്റെയും സർക്കാരിന്റെയും വിഹിതമായി ഈടാക്കേണ്ടിയിരുന്ന തുക ഏഴുശതമാനം പലിശയോടെ 3,25,034 രൂപയാണെന്ന് കമ്മിഷണർ അറിയിച്ചു. ഈ റിപ്പോർട്ട് അംഗീകരിച്ചാണ് ധനവകുപ്പിന്റെ ഉത്തരവ്.