- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർക്കറ്റ് റോഡിലെ കടയിലെ നിത്യസന്ദർശകനായ പൊലീസുകാരൻ; നാരങ്ങാവെള്ളം ആവശ്യപ്പെട്ട് കടയുടമയുടെ ശ്രദ്ധ തിരിച്ച ശേഷം പണപ്പെട്ടിയിൽ കയ്യിട്ടുവാരി; മുൻപും പണം നഷ്ടപ്പെട്ടതിനാൽ കള്ളനെ കയ്യോടെ പിടികൂടി കടയുടമ: നഷ്ടപരിഹാരം കൊടുത്ത് രക്ഷപ്പെടാൻ യുവപൊലീസുകാരൻ
പീരുമേട്: സ്ഥിരം എത്തുന്ന വ്യാപാരസ്ഥാപനത്തിലെ പെട്ടിയിൽ നിന്നു പണം മോഷ്ടിച്ച പൊലീസുകാരനെ കടയുടമ കയ്യോടെ പിടികൂടി. കടയുടമ ബഹളം വെച്ച് ആളെക്കൂട്ടിയതോടെ നഷ്ടപരിഹാരം നൽകിയും മാപ്പു പറഞ്ഞും രക്ഷപ്പെടാൻ പൊലീസുകാരന്റെ ശ്രമം. കഴിഞ്ഞ ദിവസം പാമ്പനാർ മാർക്കറ്റ് റോഡിലെ കടയിലായിരുന്നു സംഭവം. പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികൂടിയായ ഈ പൊലീസുകാരൻ മുൻപും കടയിൽ വന്നു പോയതിനു പിന്നാലെ പണം നഷ്ടമായതിനാൽ കടയുടമ ജാഗ്രത പാലിച്ചതിനാലാണ് കള്ളൻ പൊലീസിനെ കയ്യോടെ പിടികൂടാനായത്.
കടയിലെ നിത്യസന്ദർശകനായ യുവ പൊലീസുകാരൻ കഴിഞ്ഞ ദിവസവും പതിവു പോലെ കടയിലെത്തിയ ശേഷം സോഡാ നാരങ്ങാവെള്ളം ആവശ്യപ്പെട്ടു. കടയുടമ നാരങ്ങാവെള്ളം ഉണ്ടാക്കാൻ പോയ സമയത്താണ് പണം മോഷ്ടിക്കാൻ ശ്രമിച്ചത്. മുൻപു പല തവണ പൊലീസുകാരൻ കടയിൽ എത്തിയപ്പോഴൊക്കെ പെട്ടിയിൽ നിന്നു പണം നഷ്ടപ്പെട്ടതിനാൽ കടയുടമ ജാഗ്രത പാലിക്കുക ആയിരുന്നു. പൊലീസുകാരൻ പെട്ടിയിൽ കയ്യിട്ട് 1,000 രൂപ എടുത്തതിനു പിന്നാലെ ഇയാളെ ഉടമ പിടികൂടി.
ബഹളം കേട്ടു സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ളവരുമെത്തിയതോടെ പൊലീസുകാരൻ ആകെ പെട്ടു. ഇതോടെ താൻ നഷ്ടപരിഹാരം നൽകാമെന്നായി പൊലീസുകാരൻ. പരാതി നൽകാതിരിക്കാൻ 40,000 രൂപ വാഗ്ദാനം ചെയ്യുകയും 5,000 രൂപ ഉടനടി നൽകുകയും ചെയ്തു. ഇതിനിടെ ചില വ്യാപാരികൾ പീരുമേട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഒത്തുതീർപ്പ് ചർച്ചകൾക്കാണു മുതിർന്നത്.
സമ്മർദം മുറുകിയതോടെ തനിക്കു പരാതിയില്ലെന്നു മുതിർന്ന പൗരനായ വ്യാപാരി അറിയിച്ചു. മുൻപ് നിരോധിത ലഹരി ഉൽപന്നങ്ങൾ ഇതേ കടയിൽ നിന്നു പൊലീസ് പിടികൂടിയിരുന്നു. അന്നു സംഘത്തിലുണ്ടായിരുന്ന പൊലീസുകാരൻ പിന്നീടു കടയുടമയുമായി സൗഹൃദത്തിലാവുകയായിരുന്നു. ഇതു മുതലെടുത്ത്, കടയിലെത്തിയാൽ ഇയാൾ കാഷ് കൗണ്ടറിൽ ഇരിക്കുക പതിവായിരുന്നുവെന്നു പറയുന്നു. സംഭവം വിവാദമായതോടെ രഹസ്യാന്വേഷണ വിഭാഗം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.



