പത്തനംതിട്ട: സീതത്തോട്ടിൽ എക്‌സൈസ് സംഘത്തെ അക്രമിച്ച കേസിൽ ഉൾപ്പെട്ട സൈനികൻ സുജിത്തിനെ (33) പഞ്ചാബിലെ ഭട്ടിൻഡയിൽ ഡ്യൂട്ടി സ്ഥലത്ത് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് കേസിൽ ജാമ്യം എടുക്കാതെയാണു ജോലി സ്ഥലത്തേക്കു പോയിരുന്നത്. പഞ്ചാബിലെ സിഗ്‌നൽ റെജിമെന്റ് വിഭാഗത്തിലെ സൈനികനാണ് സുജിത്ത്.

ചിറ്റാർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിന്റെ വിവരങ്ങൾ സുജിത്തിന്റെ റെജിമെന്റിലേക്ക് കൈമാറിയിരുന്നു. സംഭവത്തിൽ ആർമി പൊലീസും അന്വേഷണം നടത്തുകയായിരുന്നു. സൈനികനെ കോർട്ട്മാർഷൽ ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുന്നതിനിടയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെയാണ് ബന്ധുക്കൾക്ക് മരണവിവരം ലഭിച്ചത്. ഒക്ടോബർ 1ന് സുജിത്ത് നാട്ടിൽ ഉണ്ടായിരുന്നു. ആ സമയത്താണ് സീതത്തോട്ടിലെ ബന്ധുവീട്ടിലേക്ക് പോയത്. ഈ സമയം വ്യാജവാറ്റ് സജീവമായ മേഖലയിൽ മഫ്ത്തിയിൽ എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തുകയായിരുന്നു. സുജിത്തിന്റെ ബന്ധു വാറ്റ് കേന്ദ്രം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡിനെത്തിയത്. ഇവിടെവച്ചാണ് സുജിത്ത് എക്‌സൈസ് സംഘത്തെ ആക്രമിച്ചത്.