ജയ്പുർ: ഇൻഷുറൻസ് തുക തട്ടാൻ ഭാര്യയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. കൊലപാതക ദൃശഅയം സിസിടിവിയിൽ കുടുങ്ങിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ഭർ്തതാവിന്റെ അറസ്റ്റിലെത്തിയത്. രാജസ്ഥാൻ ജയ്പുർ സ്വദേശിയായ ശാലു ദേവി(32), ബന്ധുവായ രാജു(36) എന്നിവരുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭർത്താവ് മഹേഷ് ചന്ദ്ര ഇൻഷുറൻസ് തുക തട്ടുന്നതിനായി വാടക കൊലയാളികളെ വെച്ച് ശാലുവിനെ കൊലപ്പെടുത്തുകയായിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുകേഷ് സിങ് റാത്തോഡ്, ഇയാളുടെ കൂട്ടാളികളായ രാകേഷ് കുമാർ, സോനു സിങ് എന്നിവരെയാണ് ശാലുവിന്റെ കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാളുകളായി ഇരുവരും സ്വരച്ഛേർച്ചയിൽ അല്ലായിരുന്നു. പിണങ്ങി പോയ ശാലുവിനെ ഈ അടുത്ത കാലത്ത് വീട്ടിലേക്ക് തിരികെ വിളിച്ചു കൊണ്ടു വരികയും കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു. ശാലുവിന്റെ പേരിലുള്ള 1.90 കോടി രൂപയുടെ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി മഹേഷ് വാടകകൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

2017 മുതൽ ദമ്പതികൾ തമ്മിൽ കലഹമായിരുന്നു. 2019ൽ ഭർത്താവിനെതിരെ സ്ത്രീധനപീഡനത്തിന് ശാലുദേവി പരാതി നൽകിയിട്ടുണ്ട്. ഈ അടുത്താണ് മഹേഷ് വീണ്ടും ഭാര്യയുമായി അടുത്തത്. ഒക്ടോബർ അഞ്ചാം തീയതി ബൈക്കിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് ശാലുദേവിയും ബന്ധുവായ രാജുവും കാറിടിച്ച് മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകടം ആസൂത്രിതമാണെന്നു പൊലീസ് കണ്ടെത്തിയത്.

വാടകക്കൊലയാളിയും ഗുണ്ടാനേതാവുമായ മുകേഷ് സിങ് റാത്തോഡിന് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൊലപാതകം നടത്തിയത്. ഇതിൽ അഞ്ചരലക്ഷം രൂപ നേരത്തെ നൽകിയിരുന്നു. ഒക്ടോബർ അഞ്ചാം തീയതി ഭാര്യയും ബന്ധുവും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോൾ ലൊക്കേഷൻ വിവരങ്ങളടക്കം കൈമാറിയത് മഹേഷ് തന്നെയായിരുന്നു. തുടർന്നാണ് മുകേഷും സംഘവും രണ്ടുപേരെയും കാറിടിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.