കൊച്ചി: ആശുപത്രി ജീവനക്കാരെ ആക്രമിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി. ഡോക്ടർമാർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള ആശുപത്രി ജീവനക്കാരെ ആക്രമിക്കുകയോ വസ്തുവകകൾ നശിപ്പിക്കുകയോ ചെയ്താൽ ഒരു മണിക്കൂറിനുള്ളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു കുറ്റക്കാരെ പിടികൂടണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിൽ കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

ജനത്തിനു നിയമത്തെ പേടിയില്ലെങ്കിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്നും കുറ്റക്കാരെ കർശനമായി നേരിടുക മാത്രമേ പോംവഴിയുള്ളൂ എന്നും കോടതി വ്യക്തമാക്കി. ആശുപത്രി സേവനങ്ങളും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും സംബന്ധിച്ച കേസുകളിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ചവിട്ടിയ സംഭവം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണു കോടതി നടപടി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ എന്തു നടപടി എടുത്തുവെന്നും ഇനി എന്തെല്ലാം  സാധിക്കുമെന്നും സർക്കാർ അറിയിക്കണമെന്നു കോടതി നിർദ്ദേശിച്ചു.