കഴക്കൂട്ടം: നിർമ്മാണം പൂർത്തിയായി ആഴ്ചകൾ കഴിഞ്ഞ കഴക്കൂട്ടം മേൽപ്പാലം ഉദ്ഘാടകനെ കാത്തുനില്ക്കാതെ വാഹനഗതാഗതത്തിനു തുറന്നുകൊടുത്തു. പാലത്തിന്റെ രണ്ടറ്റത്തുമുള്ള അപ്രോച്ച് റോഡ് അടച്ചിട്ടിരുന്നത് കരാർ കമ്പനിയുടെ ജീവനക്കാർ ശനിയാഴ്ച രാവിലെയാണ് എടുത്തുമാറ്റിയത് . തുടർന്ന് വാഹനങ്ങൾ പാലത്തിനു മുകളിലൂടെ കടത്തിവിടുകയായിരുന്നു.കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്കരി ഡിസംബർ 15-നു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നറിയുന്നു.

നവംബർ ഒന്നിന് മേൽപ്പാലം യാത്രക്കാർക്കു തുറന്നുകൊടുക്കാമെന്ന് സംസ്ഥാന പൊതുമരാമത്തുമന്ത്രി മുഹമ്മദ് റിയാസ് ആഗസ്റ്റിൽ മേല്പാലം സന്ദർശിച്ചപ്പോൾ പറഞ്ഞിരുന്നു. എന്നാൽ പണികൾ നീണ്ടുപോയതിനാൽ നവംബർ 15-നു തുറക്കാമെന്നു കരുതി. പിന്നീട് ഉദ്ഘാടനെ കാത്ത് തിയതികൾ പലതും മാറിവന്നു. മേൽപ്പാലം നിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടകനെ കാത്തിരുന്നു ജനങ്ങളെ വലയ്ക്കാതിരിക്കാനാണ് ഇന്ന് ഗതാഗതത്തിന് പാലം തുറന്നുകൊടുത്തത്.

സംസ്ഥാനത്ത് നാലുവരി ഗതാഗതമുള്ള ഏറ്റവും വലിയ മേല്പാലമാണിത്. അപ്രോച്ച് റോഡുകളടക്കം 2.7 കിലോമീറ്ററാണ് നീളം. ടെക്നോപാർക്കിനടുത്ത് ടൊയോട്ട ജങ്ഷൻ മുതൽ മിഷൻ ആശുപത്രിവരെയുള്ള മേല്പാലത്തിന്റെ നിർമ്മാണം 2019 ഒക്ടോബറിലാണ് തുടങ്ങിയത്. രണ്ടു കൊല്ലംകൊണ്ടു പൂർത്തിയാക്കുമെന്ന് ആദ്യം കരുതിയെങ്കിലും കോവിഡ് പ്രതിസന്ധി, മഴ തുടങ്ങിയ കാരണങ്ങളാൽ ഒരു കൊല്ലംകൂടി നിർമ്മാണം നീളുകയായിരുന്നു.