- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകരാറിലായ വിമാനത്തിൽ നിന്നു പകരം വിമാനത്തിലേക്കു മാറിക്കയറുന്നതിനിടെ സ്വർണക്കടത്ത്; മലപ്പുറം സ്വദേശിയായ യാത്രക്കാരൻ പിടിയിൽ: പിടിച്ചെടുത്തത് 70 ലക്ഷം രൂപ വിലവരുന്ന സ്വർണം
നെടുമ്പാശേരി: സ്വർണക്കടത്തിന് ശ്രമിച്ച യാത്രക്കാരൻ കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ. തകരാറിലായ വിമാനത്തിൽ നിന്നു പകരം വിമാനത്തിലേക്കു മാറിക്കയറുന്നതിനിടെ സ്വർണക്കടത്തിനു ശ്രമിച്ച മലപ്പുറം സ്വദേശി ആണ് അറസ്റ്റിലായത്. സമദ് എന്നയാളുടെ പക്കൽ നിന്നും 70 ലക്ഷം രൂപ വിലവരുന്ന 1650 ഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറിനെ തുടർന്നു കഴിഞ്ഞ ദിവസം സ്‌പൈസ് ജെറ്റിന്റെ ജിദ്ദ കോഴിക്കോട് വിമാനം കൊച്ചിയിൽ അടിയന്തരമായി ഇറക്കിയിരുന്നു. ഈ വിമാനത്തിലെ യാത്രക്കാരനാണ് സ്വർണവുമായി പിടിയിലായത്.
വിമാനം തകരാറിലായതിനെ തുടർന്ന് ദുബായിൽ നിന്നു കൊച്ചിയിലെത്തിയ മറ്റൊരു സ്‌പൈസ്‌ജെറ്റ് വിമാനത്തിലാണു കോഴിക്കോട്ടേക്കു രാത്രി കൊണ്ടുപോയത്. ഈ വിമാനത്തിലേക്കു കയറ്റുന്നതിനു മുൻപു നടത്തിയ യാത്രക്കാരുടെ പരിശോധനയ്ക്കിടെ ഹാളിൽ വിശ്രമിക്കുകയായിരുന്ന സമദ് അരക്കെട്ടിൽ തോർത്തിൽ ചുറ്റിക്കെട്ടി വച്ചിരുന്ന സ്വർണം അഴിച്ചെടുത്തു ബാഗിൽ വയ്ക്കാൻ ശ്രമം നടത്തി.
ഇത് യാത്രക്കാരെ നിരീക്ഷിക്കുകയായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. കസ്റ്റംസ് എത്തി സമദിന്റെ ബാഗ് പരിശോധിച്ചപ്പോൾ 2 പൊതികളിലായി സൂക്ഷിച്ചിരുന്ന സ്വർണ മിശ്രിതം കണ്ടെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് 70 ലക്ഷം രൂപ വില വരും.



