- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ വാടകയ്ക്ക് വിളിച്ചശേഷം ഡ്രൈവർമാരെ പറ്റിച്ച് മൊബൈൽഫോൺ തട്ടിയെടുക്കും; മറ്റൊരു കേസിൽ ഡ്രൈവറെ പറ്റിച്ചത് 6000 രൂപയുടെ കള്ളനോട്ട് നൽകി: 'കോവിഡ് ഡോക്ടർ' ചമഞ്ഞ് തട്ടിപ്പ് നടത്തിയ 45കാരൻ റിമാൻഡിൽ
കണ്ണൂർ: വലിയ വലിയ ഹോട്ടലുകളിൽ താമസിച്ച ശേഷം കാർ വാടകയ്ക്ക് വിളിച്ച് ഡ്രൈവർമാരെ പറ്റിച്ച് മൊബൈൽഫോണുമായി രക്ഷപ്പെടുന്ന തട്ടിപ്പുകാരൻ 'കോവിഡ് ഡോക്ടർ' റിമാൻഡിലായി. ചെന്നൈയിൽ താമസിക്കുന്ന മലയാളിയായ സഞ്ജയ് വർമ (45) ആണ് പിടിയിലായത്. കള്ളനോട്ട് കേസിലാണ് ഇയാൾ വെള്ളിയാഴ്ച തലശ്ശേരിയിൽ അറസ്റ്റിലാകുന്നത്. വാടകയ്ക്ക് കാർ വിളിച്ച് ഡ്രൈവറെ പറ്റിച്ച കേസിന് പുറമേ ഇയാൾ ഒരു ഡ്രൈവർക്ക് നൽകിയ 6000 രൂപ കള്ളനോട്ടുകളാണെന്നും പൊലീസ് തിരിച്ചറിഞ്ഞു.
കോവിഡ് ഡോക്ടർ എന്ന് തെറ്റിദ്ധരിപ്പിച്ച് ഹോട്ടലുകളിൽ തങ്ങിയും തട്ടിപ്പ് നടത്തി. കാർ ഡ്രൈവർമാരെ ദീർഘദൂര ഓട്ടത്തിന് വിളിച്ച ശേഷമാണ് മൊബൈൽ ഫോൺ കൈക്കലാക്കി മുങ്ങുന്നത്. പത്തുമാസം മുൻപ് കണ്ണൂർ നഗരത്തിലെ ഒരു റിസോർട്ടിൽ കോവിഡ് ഡോക്ടർ എന്ന് തെറ്റിദ്ധരിപ്പിച്ച് താമസിക്കുകയും ടാക്സി വാടകയ്ക്ക് വിളിച്ച് മംഗളൂരുവിൽ പോയശേഷം ഡ്രൈവറെ പറ്റിച്ച് അയാളുടെ മൊബൈൽഫോണുമായി കടന്നുകളയുകയായിരുന്നു. സമാന തട്ടിപ്പ് നടത്തവയെണ് തലശ്ശേരിയിൽ പിടിയിലായത്.
ഇയാളിൽനിന്ന് 12 മൊബെൽഫോണും വിലകൂടിയ റോളക്സ്, റാഡോ വാച്ചുകളും പിടിച്ചെടുത്തു. എല്ലാ ഫോണുകളും ടാക്സി ഡ്രൈവർമാരുടെതാണെന്ന് സംശയമുണ്ട്. ചെന്നൈ, ഹൈദരാബാദ്, ഗോവ, മംഗളൂരു, കോഴിക്കോട്, കോയമ്പത്തൂർ, എറണാകുളം, തേനി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്. നല്ല വേഷംധരിച്ച് വലിയ ഹോട്ടലിൽ മുറിയെടുക്കുന്ന ഈയാൾ പലസ്ഥലത്തും ഡോക്ടറാണെന്നാണ് പറഞ്ഞിരുന്നത്. തമിഴ്‌നാട്ടിൽ ഇയാൾക്കെതിരേ ആറ് കേസുകളുണ്ട്.
കാർ വാടകയ്ക്ക് എടുത്തശേഷം ഡ്രൈവറുമായി നല്ല സൗഹൃദംസ്ഥാപിച്ച് പണം കൈപ്പറ്റും. പിന്നീട് താമസിക്കുന്ന സ്ഥലത്തുനിന്ന് മാറി ഡ്രൈവറോടൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി ഡ്രൈവറുടെ മൊബൈൽഫോണും സ്വന്തമാക്കി രക്ഷപ്പെടും. ഡ്രൈവറെ ഒറ്റപ്പെടുത്താനാണ് മൊബൈൽ കൈക്കലാക്കുന്നത്. മുംബൈയിൽ പണംവെച്ച് ചൂതാട്ടംനടത്താറുണ്ടെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇയാളുടെ ആധാർകാർഡിൽ ചെന്നൈ വിലാസമാണുള്ളത്. പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സഞ്ജയ് വർമ പറയുന്നതൊന്നും പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
ബന്ധുക്കൾ ആരുമില്ലെന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ചെന്നൈയിലെ വിലാസം വ്യാജമാണെന്നും പറയുന്നു. ഇയാൾ പിടിയിലാണെന്നറിഞ്ഞ് കണ്ണൂരിൽ തട്ടിപ്പനിരയായ ഡ്രൈവർ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പല സ്ഥലത്തുനിന്നും തട്ടിപ്പിനിരയായവർ വിളിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.



