- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രങ്ങളുടെ ശുദ്ധിയും ദൈവികതയും കാത്ത് സൂക്ഷിക്കണം; തമിഴ്‌നാട്ടിലെ മുഴുവൻ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ നിരോധിച്ച് ഹൈക്കോടതി
ചെന്നൈ: തമിഴ്‌നാട്ടിലെ മുഴുവൻ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പവിത്രമായ അന്തരീക്ഷം നിലനിർത്താനായി മൊബൈൽ ഫോൺ വിലക്കിയ ഗുരുവായൂർ ക്ഷേത്ര മാതൃക ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ക്ഷേത്രങ്ങളുടെ ശുദ്ധിയും ദൈവികതയും ആത്മീയതയും കാത്തുസൂക്ഷിക്കാനായി ഫോണുകളും ക്യാമറകളും നിയന്ത്രിക്കണമെന്നു ജസ്റ്റിസുമാരായ ആർ.മഹാദേവൻ, ജെ.സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയാണമെന്നാവശ്യപ്പെട്ടു തിരുച്ചെന്തൂർ സ്വദേശി എം.സീതാരാമൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്. ക്ഷേത്രങ്ങൾ ആരാധനാലയം മാത്രമല്ല, ജനങ്ങളുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക ജീവിതത്തിന്റെ അവിഭാജ്യ ഘടകം കൂടിയാണ്. ആരാധനാ മര്യാദ പാലിക്കുന്നുണ്ടെന്ന് അധികാരികൾ ഉറപ്പാക്കണം. ഭക്തരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള മൊബൈൽ ഫോണുകളുടെയും ക്യാമറകളുടെയും ഉപയോഗം നിയന്ത്രിക്കണം.
മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം, തിരുപ്പതിക്ഷേത്രം എന്നിവയും മൊബൈൽ ഫോൺ നിരോധനം ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. മൊബൈൽ ഫോണിനു കർശന നിരോധനമാണു ഗുരുവായൂർ ക്ഷേത്രത്തിൽ. സ്മാർട് വാച്ചുകൾക്കും വിലക്കുണ്ട്. ക്യാമറയും അനുവദിക്കില്ല. ഭക്തർ ക്ലോക്ക് റൂമിൽ മൊബൈൽ ഫോൺ അടക്കം നൽകണം. ദേവസ്വം അധികൃതർക്കും ക്ഷേത്രത്തിലെ മറ്റു ജീവനക്കാർക്കും ഇക്കാര്യത്തിൽ ഇളവില്ല.



