തിരുവനന്തപുരം: ബസുകളിലെ കണ്ടക്ടർ സീറ്റിനോട് ചേർന്നുള്ള സീറ്റിൽ വനിതാ കണ്ടക്ടർമാർക്കൊപ്പം പുരുഷന്മാരായ യാത്രക്കാർ ഇരുന്ന് യാത്ര ചെയ്യുന്നത് വിലക്കി കെഎസ്ആർടിസി. വനിതാ യാത്രക്കാർ മാത്രമേ യാത്രചെയ്യാൻ പാടുള്ളുവെന്ന നിബന്ധന കർശനമാക്കി.

ഇതുസംബന്ധിച്ച അറിയിപ്പ് കെഎസ്ആർടിസി ബസുകളിൽ പതിച്ചുതുടങ്ങി. 2020 ജൂണിൽ തന്നെ ഇതുസംബന്ധിച്ച ഉത്തരവ് കെഎസ്ആർടിസി പുറത്തിറങ്ങിയിരുന്നെങ്കിലും യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടാത്തതിനാലാണ് ഇപ്പോൾ ബസുകളിൽ വ്യാപകമായി നോട്ടീസ് പതിക്കുന്നത്.

അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരിൽ നിന്ന് ചില സന്ദർഭങ്ങളിൽ മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടർമാർ പരാതി നൽകിയതിനെ തുടർന്നാണ് വനിതാ കണ്ടക്ടർമാരുടെ സീറ്റിൽ പുരുഷന്മാർ ഇരിക്കരുതെന്ന ഉത്തരവ് രണ്ടുവർഷങ്ങൾക്ക് മുമ്പ് കെഎസ്ആർടിസി പുറത്തിറക്കിയത്. ഇക്കാര്യം അറിയാത്ത പലരും കണ്ടക്ടർ സീറ്റിലിരുന്ന് യാത്രചെയ്യുന്നുവെന്ന് വനിതാ കണ്ടക്ടർമാർ വീണ്ടും പരാതിപ്പെട്ട സാചര്യത്തിലാണ് ബസുകളിൽ വ്യാപകമായി നോട്ടീസ് പതിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്.