- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു; ചികിത്സ തേടുന്നത് ഒട്ടേറെപ്പേർ
കണ്ണൂർ: സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു. ചെങ്കണ്ണ് പിടിപെട്ട് ഒട്ടേറെപ്പേരാണ് ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നത്. കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. വേഗംപടരുന്ന നേത്രരോഗമാണെങ്കിലും ശ്രദ്ധിച്ചാൽ തടയാനാകും. സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭ്യമാണ്. മറ്റുചില നേത്രരോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാൽ സ്വയംചികിത്സ പാടില്ല.
പ്രാഥമികകേന്ദ്രങ്ങളിൽ ആശാവർക്കർമാരുടെയും ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സുമാരുടെയും സേവനവും ലഭ്യമാണ്. ഇവർ വീടുകൾ സന്ദർശിക്കുമ്പോൾ ചെങ്കണ്ണിന്റെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. രോഗം പടരാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് അവബോധം നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു.
അണുബാധ രണ്ടുവിധം
നേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് കൻജൻക്റ്റിവൈറ്റിസ് എന്ന ചെങ്കണ്ണ് ഉണ്ടാക്കുന്നത്. അണുബാധ ബാക്ടീരിയയോ വൈറസോ മൂലമാകാം. കൂടതലും വൈറൽ കൻജൻക്റ്റിവൈറ്റിസ് ആണ് ഇപ്പോൾ കാണുന്നത്.
രോഗലക്ഷണങ്ങൾ
കണ്ണിൽ ചുവപ്പുനിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും. കൺപോളകളിൽ വീക്കവും തടിപ്പും. തുറക്കാൻപറ്റാത്തവിധം കണ്ണിൽ പീളകെട്ടുക. പ്രകാശംതട്ടുമ്പോൾ കണ്ണിൽ അസ്വസ്ഥത. കണ്ണിൽ കരടുപോയതുപോലെ തോന്നൽ.
പ്രതിരോധിക്കാൻ
* കൈകൊണ്ട് കണ്ണുകൾ തൊടുന്നത് ഒഴിവാക്കുക.
*രോഗംബാധിച്ച ആളുകളുമായി ശാരീരിക അകലംപാലിക്കുക.
*കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.
*രോഗി ഉപയോഗിച്ച തൂവാല, ടവൽ, സോപ്പ്, മൊബൈൽഫോൺ, പേന, പേപ്പർ തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.
*ചെങ്കണ്ണ് ബാധിച്ച കുട്ടികളെ രോഗംഭേദമാകുംവരെ സ്‌കൂളിൽ വിടാതിരിക്കുക.



