തലശ്ശേരി: പതിനൊന്ന് വയസ്സുകാരിയെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച 63കാരന് 40 വർഷം തടവും 20,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കണ്ണൂർ സിറ്റി കോടപ്പറമ്പിലെ പി.മുഹമ്മദിനെയാണ് തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി സി.ജി.ഘോഷ ശിക്ഷിച്ചത്.

ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പോക്‌സോ നിയമത്തിലെ സെക്ഷൻ അഞ്ച് (എൽ), അഞ്ച് (എം) എന്നീ വകുപ്പ് പ്രകാരം 20 വർഷം വീതം തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 20 വർഷം തടവ് അനുഭവിക്കേണ്ടിവരും. 2014-ൽ നടന്ന സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസാണ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തിയത്.

പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം തടവനുഭവിക്കണം. കണ്ണൂർ സിറ്റി പൊലീസ് ഇൻസ്‌പെക്ടർ പ്രകാശൻ പടന്നയിലാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.കെ.ഷൈമ ഹാജരായി.