കട്ടപ്പന: ഒരേ സെന്ററിൽ ഒരേ ദിവസം പിഎസ്‌സി പരീക്ഷയെഴുതിയ അമ്മയും മകളും സർക്കാർ സർവീസിലേക്ക്. പിഎസ് സി പരീക്ഷയ്ക്ക് ഒരേ സെന്ററിൽ എത്തിയതിന് പിന്നാലെ ഒരേ ദിവസം കായികക്ഷമതാ പരീക്ഷയും വിജയിച്ചാണ് ഇരുവരും വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ ഇടം നേടിയത്. അടിമാലി കൊരങ്ങാട്ടി ചെറുകുന്നേൽ എം.കെ.ശ്രീജയും (40) മകൾ മേഘയും (21) ആണ് അപൂർവ്വ ഭാഗ്യം ലഭിച്ച ഈ അമ്മയും മകളും.

ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് യോഗ്യത നേടിയ ഇരുവർക്കും അഭിമുഖത്തിനുശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാൽ നിയമനമാകും. 2015 മുതൽ 5 വർഷം ശ്രീജ അടിമാലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇപ്പോൾ ആശാ വർക്കറാണ്. മേഘ മൂന്നാർ എസ്ടി ഹോസ്റ്റലിൽ താൽക്കാലിക ജോലി ചെയ്യുന്നു. ശ്രീജയുടെ ഇളയ മകളും പത്താംക്ലാസ് വിദ്യാർത്ഥിനിയുമായ അനഘയുടെ പിന്തുണയോടെയാണ് ഇരുവരും പിഎസ്‌സി പരീക്ഷയ്ക്കു തയ്യാറെടുത്തത്.

ഇന്നലെ കാൽവരിമൗണ്ട് സ്‌കൂൾ ഗ്രൗണ്ടിൽ 100 മീറ്റർ ഓട്ടം, ലോങ്ജംപ്, ഷോട്പുട്ട് എന്നീ ഇനങ്ങളിലായിരുന്നു കായികക്ഷമതാ പരീക്ഷ. ഇരുവരും പുല്ലുപോലെ ആ കടമ്പയും കടക്കുക ആയിരുന്നു. ശ്രീജ നേരത്തേ ഒരു പ്രാവശ്യം പിഎസ്‌സി പരീക്ഷയെഴുതിയിട്ടുണ്ട്. ജോലിക്കായി മേഘയുടെ ആദ്യ പരീക്ഷയാണിത്. ശ്രീജയുടെ രണ്ട് സഹോദരങ്ങളും സർക്കാർ ഉദ്യോഗസ്ഥരാണ്. സഹോദരൻ എം.കെ.സജി എംജി സർവകലാശാലയിൽ സബ് രജിസ്ട്രാറാണ്. സഹോദരി എം.കെ.സുജ മൂന്നാറിൽ അസിസ്റ്റന്റ് ലേബർ ഓഫിസറാണ്.