ചാത്തമംഗലം: അമ്മയുടെ മർദനമേറ്റ് പത്തുവയസ്സുകാരന് ഗുരുതര പരിക്ക്. ശരീരത്തിൽ പലയിടത്തും സാരമായ പരിക്കേറ്റതിനാൽ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി കൂഴക്കോട് കിണർ സ്റ്റോപ്പിനുസമീപമാണ് സംഭവം. മകന് വീണു പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും പറഞ്ഞാണ് അമ്മ അയൽവാസിയെ വിളിച്ചത്.

തുടർന്ന് കുട്ടിയെ കുന്ദമംഗലത്തെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചെങ്കിലും എല്ലിനുംമറ്റും ക്ഷതമുള്ളതിനാൽ മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിക്കുകയായിരുന്നു. കുട്ടിയുടെ വലതുകാലിലുണ്ടായ മുറിവിൽ എട്ട് തുന്നിക്കെട്ടലുകൾ ഉണ്ട്. മുത്തശ്ശിയുടെയും അമ്മയുടെയുംകൂടെ കുട്ടി കൂഴക്കോട്ടുള്ള വീട്ടിലാണ് താമസം. പിതാവ് ഇവരോടൊപ്പമല്ല താമസം. അമ്മ കുട്ടിയെ നിരന്തരമായി മർദിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ജനമൈത്രി പൊലീസ് അന്വേഷണം തുടങ്ങി.