- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡുകളിലെ സ്ഥിരം അപകടകേന്ദ്രങ്ങളെ തിരിച്ചറിയാം; ഓൺലൈൻ മാപ്പുമായി മോട്ടോർവാഹന വകുപ്പ്
ഒറ്റപ്പാലം: സംസ്ഥാനത്തെ പ്രധാനപാതകളിലെ എല്ലാം സ്ഥിരം അപകടകേന്ദ്രങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന ഓൺലൈൻ മാപ്പുമായി മോട്ടോർ വാഹനവകുപ്പ്. സംസ്ഥാനത്തെ 3,117 അപകടകേന്ദ്രങ്ങളെയാണ് ഗൂഗിൾ മാപ്പ് മുഖാന്തരം തിരിച്ചറിയാനാവുക. അപകടകേന്ദ്രങ്ങളെക്കുറിച്ച് വകുപ്പ് നടത്തിയ പഠനത്തിന്റെ ഭാഗമായാണ് മാപ്പും ഒരുക്കുന്നത്. മൂന്ന് ക്ലസ്റ്ററുകളാക്കിയാണ് അപകടകേന്ദ്രങ്ങളെ തിരിച്ചിട്ടുള്ളത്.
അപകടങ്ങളുടെ തോതനുസരിച്ച് ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നിങ്ങനെയുള്ള നിറത്തിലാണ് സ്ഥലങ്ങളെ അടയാളപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും അപകടങ്ങൾ കൂടിയയിടം (ഹൈ റിസ്‌ക്ക്), മാസത്തിൽ പത്തിൽ കുറയാതെ അപകടങ്ങൾ നടക്കുന്നയിടം (മോഡറേറ്റ് റിസ്‌ക്ക്), അഞ്ച് അപകടങ്ങൾവരെ നടക്കുന്ന (ലോ റിസ്‌ക്ക്) എന്നീ കേന്ദ്രങ്ങളാണ് മാപ്പിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ദേശീയ-സംസ്ഥാന പാതകൾ, പ്രധാന ജില്ലാറോഡുകൾ, മറ്റ് റോഡുകൾ എന്നിവയിലെ അപകടങ്ങളും മാപ്പിലുണ്ട്.
10,734 പേർ മരിച്ച, 1.01 ലക്ഷം അപകടങ്ങൾ പഠിച്ചശേഷമാണ് അപകടകേന്ദ്രങ്ങൾ ഓൺലൈൻ മാപ്പിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ആദ്യം പാലക്കാട് ജില്ലയിലെ അപകടകേന്ദ്രങ്ങളെ ഇത്തരത്തിൽ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തി അവതരിപ്പിച്ചിരുന്നു. ഇത് പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പുറത്തുവിടുകയുംചെയ്തിരുന്നു. ഇതിന് തുടർച്ചയായാണ് സംസ്ഥാനത്തെ എല്ലാ അപകടകേന്ദ്രങ്ങളെയും മാപ്പിൽ ഉൾപ്പെടുത്തിയത്.



