- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണറുടെ നീക്കം കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസം തകർക്കാൻ; സംഘപരിവാറിൽനിന്ന് അച്ചാരം വാങ്ങിയ വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും തോമസ് ഐസക്
തൃശൂർ: കാലങ്ങളായി കേരളം നേടിയെടുത്ത മതനിരപേക്ഷ വിദ്യാഭ്യാസം തകർക്കാൻ സംഘപരിവാറിൽനിന്ന് അച്ചാരം വാങ്ങിയ വ്യക്തിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് സിപി എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക്. തൃശൂരിൽ 13ന് ആരംഭിക്കുന്ന കിസാൻ സഭാ അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി തേക്കിൻകാട് മൈതാനത്ത് 'കേരളത്തിന്റെ ബദൽ വികസന മാതൃക പ്രസക്തി, സവിശേഷത, തന്ത്രം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കെല്ലാം മാതൃകയായി വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിർമ്മാർജനം തുടങ്ങി വികസന സൂചികയിൽ ഒന്നാംസ്ഥാനത്താണ് കേരളം. സർവമേഖലയിലുള്ള വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയാണ് കേരളം ഇന്നു കാണുന്ന നേട്ടങ്ങളിലേക്ക് കുതിച്ചത്. നവവൈജ്ഞാനിക മുന്നേറ്റത്തിലേക്കുള്ള മലയാളനാടിന്റെ കുതിപ്പിനെ എന്ത് വിലകൊടുത്തും തടയുക എന്ന ലക്ഷ്യത്തിനായാണ് ഗവർണറും കൂട്ടരും ശ്രമിക്കുന്നത്. എൽഡിഎഫ് സർക്കാരിനെയും അതിന്റെ നേട്ടങ്ങളെയും ഇല്ലാതാക്കാൻ പഠിച്ചപണി മുഴുവനും നടത്തിയെങ്കിലും സംഘപരിവാറിനും കൂട്ടർക്കും അതിന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസമേഖലയിലെ മലയാളിയുടെ കുതിപ്പിനെ ഇല്ലാതാക്കുന്നതിന്റെ പ്രാരംഭനടപടിയുടെ ഭാഗമായാണ് കേരളത്തിലെ മുഴുവൻ സർവകലാശാലകളിലെയും വൈസ് ചാൻസലർമാരെ പിൻവലിച്ച് സംഘികളെ കുത്തിനിറയ്ക്കാൻ ഗവർണറുടെ നേതൃത്വത്തിൽ നീക്കം നടത്തുന്നതെന്ന് ഐസക് പറഞ്ഞു.




