- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈക്കിൾ തടഞ്ഞു നിർത്തി പതിനാലുകാരിയെ കടന്നു പിടിച്ചു; 64കാരന് ആറു വർഷം കഠിന തടവും 25,500 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി: സംഭവം പുറത്തറിയുന്നത് കുട്ടി കരയുന്നത് കണ്ട അദ്ധ്യാപിക കാരണം തിരക്കിയപ്പോൾ
തിരുവനന്തപുരം: പതിനാലുകാരിയെ കടന്ന് പിടിച്ച കേസിൽ 64കാരനായ സെക്യൂരിറ്റി ജീവനക്കാരന് ആറുവർഷം കഠിനതടവും 25,500 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി. മാറന്നല്ലൂർ ചെന്നിവിള വാർഡ് വിജി ഭവനിൽ രവീന്ദ്രൻ നായരെയാണ് ജഡ്ജി ആജ് സുദർശൻ ആറ് വർഷത്തേക്ക് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് കൊല്ലം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
വെള്ളയമ്പലം നളന്ദ ജംഗ്ഷനിൽ 2019 ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നളന്ദ ജംഗ്ഷനിലുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു രവീന്ദ്രൻ നായർ. സംഭവം നടന്ന ദിവസം സൈക്കിൾ ചവിട്ടി പോകുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞ് നിർത്തി ഇയാൾ സ്വകാര്യ ഭാഗത്ത് കടന്നു പിടിക്കുകയായിരുന്നു. റോഡിൽ തിരക്കില്ലാത്ത സമയം നോക്കിയാണ് ഇയാൾ പെൺകുട്ടിയെ കയറിപ്പിടിച്ചത്. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പഠനത്തിലും കായിക രംഗത്തും മുന്നിലായിരുന്ന കുട്ടി സംഭവത്തിന് ശേഷം അസ്വസ്ഥയായിത്തുടങ്ങി. പലപ്പോഴും സങ്കടത്തിലിരിക്കുന്ന കുട്ടിയെ വീട്ടുകാരും അദ്ധ്യാപകരും ശ്രദ്ധിച്ചുതുടങ്ങി. ഇവർ കാരണം ചോദിച്ചെങ്കിലും പ്രതിയെ ഭയന്ന് കുട്ടി ആരോടും ഒന്നും പറഞ്ഞില്ല. ഇത് മനസ്സിലാക്കിയ ഇയാൾ വീണ്ടും കുട്ടിയെ കാണുമ്പോൾ അശ്ലീല ചേഷ്ടകൾ കാട്ടിത്തുടങ്ങി.
സംഭവത്തിൽ മനംനൊന്ത് ഒരു ദിവസം കുട്ടി സ്‌കൂളിലിരുന്ന് കരയുന്നത് കണ്ട അദ്ധ്യാപിക കാരണം ചോദിച്ചപ്പോഴാണ് സംഭവം വെളിച്ചത്തായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.എം. മുബീന എന്നിവർ ഹാജരായി. മൊത്തം 15 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകൾ ഹാജരാക്കി. പിഴ ചുമത്തിയ തുക പെൺകുട്ടിക്ക് നൽകാനാണ് കോടതി ഉത്തരവിൽ പറയുന്നത്. മ്യൂസിയം സബ് ഇൻസ്പെക്ടർമാരായ ബി.എം.ഷാഫി, ശ്യാംരാജ് ജെ. നായർ എന്നിവരാണ് കേസ് അന്വേഷിച്ചത്.



