തിരുവനന്തപുരം: നെൽവയലിനെ പുരയിടമാക്കുന്ന ഭൂമി ഇനി തരംമാറ്റിയ ഭൂമി എന്നു രേഖപ്പെടുത്താൻ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്തു. സ്വാഭാവിക പുരയിടങ്ങളും തോട്ടങ്ങളും വയൽ നികത്തി പറമ്പാക്കിയ ഭൂമിയും ഒരേ പരിഗണനയിൽ വരുന്നതിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണു ഭേദഗതി.

സ്വഭാവ വ്യതിയാനം വരുത്താൻ അനുമതി നൽകിയ ഭൂമിയെ പുരയിടമെന്നും ജലസംരക്ഷണ നടപടികൾക്കായി നീക്കിവച്ചിട്ടുള്ള 10% ഭൂമിയെ നിലംജലസംരക്ഷണ പ്രദേശം എന്നുമാണ് ഇതുവരെ രേഖപ്പെടുത്തിയിരുന്നത്. പല ആവശ്യങ്ങൾക്കും സർക്കാർ ഭൂമിയേറ്റെടുക്കുമ്പോൾ സ്വാഭാവിക പുരയിടത്തിനു തുല്യമായ പരിഗണനയാണു നികത്തിയ ഭൂമിക്കും ലഭിക്കുന്നത്. ഇതിനെതിരെ ഉയർന്ന വിമർശനങ്ങളും കണക്കിലെടുത്തു.