കോഴിക്കോട്: മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗിന് ആരുടേയും ക്ഷണം വേണ്ട. രാഷ്ട്രീയത്തിൽ പലർക്കും പല ആഗ്രഹങ്ങളുമുണ്ടാകാം. ലീഗിനെപ്പറ്റി എംവി ഗോവിന്ദൻ സത്യം പറഞ്ഞു. ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണ്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ.ലീഗ് വർഗീയ പാർട്ടിയല്ലെന്നത് യാഥാർത്ഥ്യമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. വർഗീയ പാർട്ടിയല്ലെന്നത് എം വി ഗോവിന്ദന്റെ മാത്രം അഭിപ്രായമല്ല. സമൂഹത്തിന്റെ മൊത്തം അഭിപ്രായമാണ്. സിപിെഎം സംസ്ഥാന സെക്രട്ടറിയുടേത് എൽഡിഎഫിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

ലീഗിനെ പ്രശംസിച്ചതിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല. വർഗീയതയ്‌ക്കെതിരെ കൂട്ടായ്മ വേണം. അത് രാഷ്ട്രീയ കൂട്ടുകെട്ടല്ലെന്നും പരാമർശത്തിന് പിന്നാലെ എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

വലതുപക്ഷ നിലപാട് തിരുത്തുന്ന ആർക്കും ഇടതുമുന്നണിയിലേക്ക് സ്വാഗതമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ലീഗ് കൈകൊണ്ട നിലപാടുകളെപ്പറ്റിയാണ് പറഞ്ഞത്. ലീഗ് ജനാധിപത്യ പാർട്ടി തന്നെയാണ്. ലീഗിനെ കുറിച്ച് പറഞ്ഞത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടല്ല. വിഴിഞ്ഞം സമരത്തിലും ഏക സിവിൽ കോഡിലുമടക്കം കോൺഗ്രസിനെ തിരുത്തുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചത്. മതനിരപേക്ഷ നയമാണ് ഇക്കാര്യത്തിൽ ലീഗിനുള്ളത്. ലീഗിനോടുള്ള പഴയ നിലപാട് സിപിഎം തിരുത്തുകയല്ല ചെയ്തത്. ഇതിനെയാണ് സിപിഎം അംഗീകരിക്കുന്നത്. മുന്നണി കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് ലീഗ് തന്നെയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.