- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല: ശബരിമലയിൽ ഈ മണ്ഡലകാലത്ത് ഇതുവരെ ലഭിച്ചത് 125 കോടി രൂപയുടെ വരുമാനമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. കാണിക്കയും മറ്റ് വഴിപാടുകളും ചേർന്നുള്ള കണക്കാണിത്. ഈ വർഷത്തെ മണ്ഡലകാലം ആരംഭിച്ചിട്ട് 24 ദിവസം പിന്നിടുകയാണിപ്പോൾ. വരുംദിവസങ്ങളിലും ഒരുലക്ഷത്തിനടുത്താണ് ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ്. പതിനഞ്ചുദിവസത്തേയ്ക്കുള്ള അപ്പം അരവണ കരുതൽ ശേഖരമുണ്ടെന്നും സാന്നിധാനത്തെ ദേവസ്വം കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ശരാശരി മൂന്നുലക്ഷത്തോളം അരവണയാണ് ദിവസേന വിൽക്കുന്നത്. തീർത്ഥാടകർക്ക് തടസമില്ലാതെ അപ്പം, അരവണ നൽകാനാകും. കണ്ടെയ്നറുകൾ ആവശ്യാനുസരണമുണ്ട്. വരാനിരിക്കുന്നത് അവധി ദിവസങ്ങളായതിനാൽ കൂടുതൽപേർ ദർശനത്തിനെത്തും. തിരക്ക് നിയന്ത്രിച്ച് സുഗമമായ ദർശനം ഒരുക്കുകയാണ് ലക്ഷ്യം. മരക്കൂട്ടംമുതൽ ഘട്ടം ഘട്ടമായാണ് തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. അധികനേരം വരിനീളുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ വേഗത്തിൽ ദർശനം നടത്താനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. സർക്കാരിന്റെ എല്ലാ വകുപ്പുകളും ഏകോപനസ്വഭാവത്തോടെയാണ് പ്രവർത്തിക്കുന്നത്. പോരായ്മകൾ ചൂണ്ടികാണിക്കുന്നമുറയ്ക്ക് പരിഹരിക്കുന്നുണ്ട്.
തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. അടുത്തവർഷം മുതൽ അരവണ സ്വന്തമായി നിർമ്മിക്കുന്ന കണ്ടെയ്നറിൽ വിതരണംചെയ്യും. പ്ലാന്റ് സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു. പരിസ്ഥിതി സൗഹൃദമായ കണ്ടെയ്നറുകളായിരിക്കും ഉൽപ്പാദിക്കുകയെന്നും പ്രസിഡന്റ് പറഞ്ഞു. എക്സിക്യൂട്ടീവ് ഓഫീസർ എച്ച് കൃഷ്ണകുമാർ, ബോർഡ് അംഗം അഡ്വ. എസ് എസ് ജീവൻ, ഇലക്ട്രിക്കൽ എക്സിക്യുട്ടീവ് എൻജിനീയർ രാജേഷ് മോഹൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ