പനാജി: ആയുർവേദത്തെ എല്ലാ ലോകരാജ്യങ്ങളുലുമെത്തിക്കാൻ ആഗോളതലത്തിൽ പ്രചാരണം നടത്താൻ തീരുമാനം. 2025 ലേക്ക് നൂറിലേറെ രാജ്യങ്ങളിൽ പങ്കാളികളുടെ പിന്തുണയോടെ ആയുർവേദത്തെ അംഗീകൃത ചികിത്സാ സമ്പ്രദായമാക്കാൻ ഒൻപതാമത് ആയുർവേദ കോൺഗ്രസ്സിനോടനുബന്ധിച്ചു നടന്ന അന്താരാഷ്ട്ര പ്രതിനിധി സഭയാണ് പ്രചാരണത്തിനു തീരുമാനിച്ചത്.

സമ്മേളനത്തിലെ മുഖ്യ സഭകളിലൊന്നായ അന്തർദ്ദേശീയ പ്രതിനിധി സമ്മേളനത്തിൽ ഗോവ ഗവർണർ ശ്രീ പി.എസ്. ശ്രീധരൻ പിള്ള സംസാരിച്ചു. 53 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. പ്രധാന രാജ്യങ്ങളിലെ റഗുലേറ്ററി സംവിധാനത്തിനു കീഴിൽ ആയുർവേദം ഉൾപ്പെടുത്തുന്നതിന് പ്രാധാന്യം നൽകിയാകും പ്രചാരണമെന്ന് ആയുർവേദ കോൺഗ്രസ് സ്ഥാപക ട്രസ്റ്റി എ.ജയകുമാർ പറഞ്ഞു.

മനുഷ്യ സമൂഹത്തിനാകെ ആയുർവേദത്തിന്റെ പ്രയോജനം ലഭ്യമാക്കുകയാണ് മുഖ്യലക്ഷ്യമെന്ന് ജയകുമാർ വ്യക്തമാക്കി. അടുത്ത മൂന്നു വർഷത്തിനുള്ളിൽ നൂറു രാജ്യങ്ങളിലെങ്കിലും അംഗീകൃത സമ്പരദായമാക്കുകയാണ് ആദ്യപടി. അതിനു പലരാജ്യങ്ങിലും റഗുലേറ്ററി പ്രോട്ടോക്കോളിൽ മാറ്റങ്ങൾ ആവശ്യമാണ്. കേന്ദ്ര ആയുഷ് മന്ത്രാലയമടക്കം എല്ലാ പങ്കാളികളുടെയും പിന്തുണയോടെ അതിന് ശക്തമായ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ലക്ഷ്യം കൈവരിക്കാൻ കേന്ദ്ര സർക്കാർ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കുമെന്ന് വിശ്വാസമുണ്ട്. പ്രചാരണത്തെ പിന്തുണയ്ക്കുമെന്ന് ആയുഷ് സെക്രട്ടറി രാജേഷ് കൊട്ടേച്ച പ്രതിനിധി സഭയിൽ നടത്തിയ പ്രഖ്യാപനം പ്രചോദനം നൽകുന്നതാണെന്നും ജയകുമാർ പറഞ്ഞു. പങ്കാളികളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിനും പ്രചാരണം മുന്നോട്ടു കൊണ്ടുപോകുന്നതിനും പ്രതിനിധി സഭ സ്ഥിരം സംവിധാനമായി പ്രവർത്തിക്കും.

അന്താരാഷ്ട്ര പ്രതിനിധികളുടെ വൻതോതിലുള്ള പങ്കാളിത്തംകൊണ്ടു സവിശേഷമായ സമ്മേളനമാണ് ഇത്തവണത്തെ ആയുർവേദ കോൺഗ്രസ്. ആയുർവേദത്തിന് സമഗ്ര ചികിത്സാ സമ്പ്രദായമെന്ന നിലയിൽ ആഗോളതലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.