കോഴിക്കോട്: ഖത്തർ ലോകകപ്പ് കലാശക്കൊട്ടിലേക്കടുക്കുമ്പോഴും ആരാധകർ വലിയ പ്രതീക്ഷയിലാണ്. വീറോടെ പൊരുതിയ പല വമ്പന്മാർക്കും ക്വാർട്ടറിൽ കാലിടറിയെങ്കിലും ആവേശത്തിന് തെല്ലും കുറവില്ല. മെസി കട്ടൗട്ട് ഉയർത്തി കാൽപന്ത് ആവേശത്തിന് തുടക്കമിട്ട പുള്ളാവൂരുകാർ ഇപ്പോഴും ഫുട്‌ബോൾ ലഹരിയിലാണ്.

മെസ്സിയുടെ നാട്ടിൽ നിന്നും പുള്ളാവൂർ ചെറുപുഴയിൽ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകൾ കാണാൻ എത്തിയ അർജന്റീന സ്വദേശികളായ ദമ്പതികളെ സ്‌നേഹാദരവോടെയാണ് നാട്ടുകാർ വരവേറ്റത്. ബ്യൂണസ് അയേഴ്‌സിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ മരിയാനോ കിന്യൂവ പങ്കാളി സ്പാനിഷ് അദ്ധ്യാപികയായ മാരിയൽ ഒലിവെര എന്നിവരാണ് മെസ്സിയുടെയും റൊണാൾഡോയുടെയും നെയ്മാറുടെയും സൗദി താരം സാലിഹ് അൽ ദൗസരിയുടെയും കട്ടൗട്ടുകൾ സ്ഥാപിച്ചത് മൂലം പ്രശസ്തമായ പുള്ളാവൂരിലെത്തി ഫുട്‌ബോൾ ആരാധകരുടെ വീര്യം നേരിട്ടറിഞ്ഞ് ദിവസങ്ങളോളം നാട്ടുകാരുടെ അതിഥികളായി താമസിച്ചത്.

ജീവിത അഭിലാഷമായിരുന്ന ലോക രാജ്യങ്ങൾ ചുറ്റിക്കറങ്ങുക എന്ന ഉദ്ദേശത്തോടെ കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ ലോക സഞ്ചാരം റോഡ് മാർഗമാണ് ഏറെയും. വിമാന യാത്ര പരമാവധി ഒഴിവാക്കി റോഡ്, റെയിൽ മാർഗങ്ങളിലൂടെയാണു സഞ്ചാരം. സെർബിയ, ബൾഗേറിയ, തുർക്കി, ജോർജിയ തുടങ്ങിയ രാജ്യങ്ങൾ പൂർണമായി റോഡ്, റെയിൽ വഴി സഞ്ചരിക്കാനായതിന്റെ ആഹ്‌ളാദത്തിലാണ് ഇരുവരും. ഇന്ത്യയിൽ ഒരു മാസം മുൻപ് നേരെ തിരുവനന്തപുരത്താണ് എത്തിയത്. പിന്നീട് റോഡ് മാർഗം നെടുമങ്ങാട്, വർക്കല, ആലപ്പുഴ, കൊച്ചി, മുന്നാർ, മലപ്പുറം വഴി കോഴിക്കോട്ടെത്തി.

മലയാളികളുടെ പ്രത്യേകിച്ച് മലബാർ മേഖലയിലെ യുവജനങ്ങളുടെ ഫുട്‌ബോൾ ആവേശം കണ്ട് കണ്ണു തള്ളിപ്പോയെന്ന് ഇരുവരും പറയുന്നു. ഫുട്‌ബോൾ രക്തത്തിൽ അലിഞ്ഞ അർജന്റീനയേക്കാളും ഫുട്‌ബോൾ ആരാധകരായ ചെറുപ്പക്കാർ ഭാവിയിൽ രാജ്യത്തിനു മുതൽ കൂട്ടാകും എന്ന പ്രതീക്ഷയും ഇരുവരും പങ്കുവയ്ക്കുന്നു. 2 മാസം കൂടി തങ്ങി രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളും ഋഷികേശും വാരാണസിയും കണ്ടശേഷം ശേഷം തായ്‌ലൻഡ്, ലാവോസ്, മലേഷ്യ, ജപ്പാൻ, ഇന്തോനീഷ്യ രാജ്യങ്ങൾ സന്ദർശിച്ച് അർജന്റീനയിൽ തിരിച്ചെത്താനാണു പദ്ധതി.