തൃശ്ശൂർ: ലോകകപ്പ് പോരാട്ടം അവസാന നാലിൽ എത്തിനിൽക്കെ ലോകമെങ്ങും ഫുട്‌ബോൾ ലഹരിയിലാണ്. കേരളവും വ്യത്യസ്തമല്ല. നാടൊട്ടുക്ക് സൂപ്പർ താരങ്ങളുടെ കട്ടൗട്ടുകൾ അടക്കം അണിനിരത്തിയാണ് യുവജനത ലോകകപ്പിനെ വരവേറ്റത്.

ഇതിനിടെ നെൽപാടത്ത് ലോകകപ്പും കഥകളി മുദ്രയും കേരള ഭൂപടവുമൊരുക്കി ദൃശ്യവിസ്മയമൊരുക്കുകയാണ് മൂർക്കനാട് സ്വദേശികളായ ഏതാനും യുവകർഷകർ. മൂർക്കനാട് സ്വദേശികളായ ഏറാട്ടുപറമ്പിൽ ജോഷിയും കരിയാട്ടിൽ സിജോയും ചേർന്ന് കരുവന്നൂർ പൈങ്കിളി പാടത്താണ് നെൽകൃഷിക്കിടയിൽ ദൃശ്യവിസ്മയമൊരുക്കിയത്.

പച്ചയും കടുത്ത വയലറ്റ് ഞാറുകളും പ്രത്യേക രീതിയിൽ ഇടകലർത്തി നട്ടു വളർത്തി വലുതാക്കിയാണ് ചിത്രങ്ങൾ വിരിയിച്ചത്. തൃശ്ശൂർ ജില്ലയിൽ ആദ്യമായാണ് പാഡി ആർട്ട് ഒരുക്കുന്നതെന്ന് ജോഷിയും സിജോയും പറഞ്ഞു. നാസർ ബാത്ത്, കാലാബാത്ത് എന്നീ വിത്തിനങ്ങളാണ് പാഡി ആർട്ട് ഒരുക്കാൻ ഉപയോഗിച്ചത്.

വയനാട് സ്വദേശിയും പ്രമുഖ ജൈവകർഷകനുമായ ജോൺസൺ മാസ്റ്ററിൽ നിന്നാണ് വിത്തുകൾ ശേഖരിച്ചത്. കേരളത്തിന്റെ ഭൂപടം ,ഖത്തർ വേൾഡ് കപ്പ് 2022 ,കഥകളി മുദ്ര എന്നിവയ്‌ക്കൊപ്പം കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടപ്പാക്കുന്ന 'പച്ചക്കുടയുടെ' മുദ്രയും പാഡി ആർട്ടിലുണ്ട്.

പാഡി ആർട്ടിന്റെ ആകാശ ദൃശ്യങ്ങൾ ഏവർക്കും മികച്ചൊരു കാഴ്ചാനുഭവം തന്നെ സമ്മാനിക്കുന്നുണ്ട്. പച്ചയിൽ വയലറ്റുമായി കഥകളി മുദ്രയും ലോകകപ്പ് ചിഹ്നവും ചിത്രീകരിക്കുമ്പോൾ പച്ചയിലാണ് കേരളം തീർത്തിരിക്കുന്നത്. പുത്തൻതോടുള്ള ആർട്ടിസ്റ്റ് രവിയാണ് പാടത്ത് ഈ മാതൃകകൾ ഒരുക്കുന്നതിനുള്ള രൂപരേഖ വിത്തിടുന്നതിന് മുമ്പ് വരച്ച് തയ്യാറാക്കിയത്.