- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സേതുമാധവന്മാർ പഴങ്കഥയാകും; പഴയ പൊതുബോധത്തിൽ ഇനിയും നാടിനെ കൊളുത്തിയിടാൻ ആവില്ല'; കേരളം സംരംഭക സൗഹൃദ സംസ്ഥാനമാണെന്ന് ആവർത്തിച്ച് മന്ത്രി പി രാജീവ്
തിരുവനന്തപുരം: കേരളം സംരംഭക സൗഹൃദ സംസ്ഥാനമാണെന്ന് ആവർത്തിച്ച് വ്യവസായ വാണിജ്യ മന്ത്രി പി രാജീവ്. പഴയ പൊതുബോധത്തിൽ ഇനിയും നാടിനെ കൊളുത്തിയിടാൻ ആവില്ല. സംരംഭക വർഷത്തിന്റെ അടുത്ത പടികളിലേക്ക് ചുവടു വെക്കാൻ ഒരുങ്ങുകയാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാരും ഉദ്യോഗസ്ഥരും വ്യക്തിഗത സേവനം ഉറപ്പു വരുത്തുന്ന അനുഭവമാണ് സംരംഭക വർഷം പദ്ധതിയിൽ കണ്ടത്. സംരംഭക സൗഹൃദ അന്തരീക്ഷം കേരളത്തിന്റെ കരുത്തായി മാറുന്ന ഒരു കാഴ്ചയാണ് പദ്ധതിയിലൂടെ കണ്ടത്. അങ്ങനെയാണ് എട്ടു മാസത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ കേരളത്തിൽ ഉയർന്നുവന്നതെന്നും മന്ത്രി രാജീവ് ചൂണ്ടിക്കാണിച്ചു.
സാധാരണക്കാരും, അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും, വീട്ടമ്മമാരും, മടങ്ങിയെത്തിയ പ്രവാസികളും വനിതകളുമാണ് പദ്ധതിയിലൂടെ സംരംഭകരായി മാറിയത്. 6337 കോടി രൂപയാണ് നിക്ഷേപമായി സമാഹരിച്ചത്. 2.25 ലക്ഷം പേർക്ക് പുതുതായി തൊഴിൽ നൽകി. സംരംഭക വർഷത്തിന്റെ വിജയം നിരവധി പേർക്ക് ആത്മവിശ്വാസം പകരുമെന്നതിൽ സംശയമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ദാക്ഷായണി ബിസ്‌കറ്റിന് വേണ്ടി സേതുമാധവന് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങൾ മോഹൻലാലിലൂടെ മലയാളിയിലെത്തിച്ച ശ്രീനിവാസൻ സിനിമ ഇപ്പോഴും നമ്മുടെ മനസിലുണ്ട്. ഐ.എസ്‌ഐ മാർക്കുള്ള മീറ്ററിന് ശഠിക്കുന്ന എഞ്ചിനീയറും അനുമതികൾക്കായി നെട്ടോട്ടമോടിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയും പ്രേക്ഷക മനസിലങ്ങനെ വേരോടിക്കിടക്കുന്നു. ജനവിരുദ്ധ മനോഭാവത്തോടെ ചുമതലകൾ വഹിച്ച ഉദ്യോഗസ്ഥരൊക്കെ ഉണ്ടായിട്ടുമുണ്ട്.
കേരളത്തെക്കുറിച്ച് നിർമ്മിക്കപ്പെട്ട ഒരു പൊതുബോധത്തിന്റെ പ്രതിഫലനമായിരുന്നു ആ സിനിമ. എന്നാൽ, ഇന്ത്യയിലെ ആദ്യ ഐ.ടി പാർക്ക് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങിയ ശേഷമാണ് ഈയൊരു പ്രമേയത്തോടെ സിനിമ പുറത്തിറങ്ങിയതും ചർച്ചയായതും എന്നത് കൗതുകമായി തോന്നുന്നു.നമ്മുടെ അനുഭവങ്ങളും ധാരണകളും ഇപ്പോഴതല്ല. ഇത് സംരംഭകരുടെ കാലമാണ്. സംരംഭക വർഷം പദ്ധതി അത് തെളിയിച്ചു.
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാരും ഉദ്യോഗസ്ഥരും വ്യക്തിഗത സേവനം ഉറപ്പു വരുത്തുന്ന അനുഭവമാണ് സംരംഭക വർഷം പദ്ധതിയിൽ കണ്ടത്. സംരംഭകർക്ക് എല്ലാ സഹായവും നേരിട്ട് നൽകാൻ സദാ സന്നദ്ധരായി 1153 ഇന്റേണുകൾ തദ്ദേശ സ്ഥാപനങ്ങളിൽ ഓഫീസ് സമയമോ അവധി ദിവസങ്ങളോ കണക്കാക്കാതെ ഓവർ ടൈം ജോലി ചെയ്തു. വ്യവസായ വകുപ്പിലെ മാത്രമല്ല, എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥർ സംരംഭകർക്കാവശ്യമായ പിന്തുണയേകി.
സാങ്കേതിക വിദ്യയിലും വൈദഗ്ധ്യത്തിലും പിന്തുണയേകുന്നതിനായി എം.എസ്.എം. ഇ ക്ളിനിക്കുകൾ ഓരോ ജില്ലയിലും പ്രവർത്തനക്ഷമമായി. നാല് ശതമാനം പലിശക്ക് വായ്പാ സൗകര്യമൊരുക്കി ബാങ്കുകൾ മുന്നോട്ട് വന്നു.ഇങ്ങനെ, സംരംഭക സൗഹൃദ അന്തരീക്ഷം കേരളത്തിന്റെ കരുത്തായി മാറുന്ന ഒരു കാഴ്ചയാണ് ഈ പദ്ധതിയിലൂടെ നാം കണ്ടത്. അങ്ങനെയാണ് എട്ടു മാസത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ കേരളത്തിൽ ഉയർന്നുവന്നത്.
നമ്മുടെ നാട്ടിലെ സാധാരണക്കാരും, അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും, വീട്ടമ്മമാരും, മടങ്ങിയെത്തിയ പ്രവാസി കളും വനിതകളുമാണ് ഇങ്ങനെ സംരംഭകരായി മാറിയത്. കേരളത്തിൽ നിന്നു തന്നെയാണ് 6337 കോടി രൂപ നിക്ഷേപമായി സമാഹരിച്ചത്. 2.25 ലക്ഷം പേർക്ക് പുതുതായി തൊഴിൽ നൽകിയത്. പുതിയ സംരംഭകരിൽ 32000 ലേറെ പേർ വനിതകളാണ് എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. സംരംഭക വർഷത്തിന്റെ വിജയം ഒട്ടേറെ പേർക്ക് ആത്മവിശ്വാസം പകരുമെന്നതിൽ സംശയമില്ല. ഇനിയും പുതിയ സംരംഭകരുണ്ടാകും.
സേതുമാധവന്മാർ പഴങ്കഥയാകും.സംരംഭം തുടങ്ങുന്നതിൽ പ്രയാസം നേരിട്ട നാലഞ്ച് പേരുടെ പ്രശ്നങ്ങൾ ഇതിനിടയിൽ വലിയ കവറേജോടെ മാധ്യമങ്ങൾ ഉയർത്തിക്കൊണ്ട് വന്നിരുന്നു. ഈ ഓരോ പ്രശ്നത്തിലും മന്ത്രി എന്ന നിലയിൽ നേരിട്ട് ഇടപെടുകയും പരിഹാരം കാണുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ പെട്ട തകഴി വില്ലേജ്മാളിന്റെ ഉദ്ഘാടനത്തിന് കഴിഞ്ഞ ദിവസം പോയിരുന്നു.ഇവിടെ നാം ഓർക്കേണ്ടത്, നാലോ അഞ്ചോ പേർക്ക് പ്രയാസം നേരിട്ടപ്പോൾ ഒരു ലക്ഷത്തിലേറെ പേരാണ് നിറഞ്ഞ സന്തോഷത്തോടെ എട്ട് മാസത്തിനുള്ളിൽ സംരംഭങ്ങൾ ആരംഭിക്കുകയും നടത്തുകയും ചെയ്യുന്നത്.
ഇതും വലിയ കവറേജിന് അർഹതയുള്ളതല്ലേ? ഒറ്റപ്പെട്ട സംഭവങ്ങൾ ഇനിയുമുണ്ടായേക്കാം. അവക്ക് പരിഹാരവുമുണ്ടാകും. പക്ഷേ കേരളത്തിന്റെ സംരംഭക സൗഹൃദ നിലയല്ലേ പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ടത്. കേരളം ഒറ്റക്കെട്ടായാണ് ഈ മുന്നേറ്റം കൈവരിച്ചത്. എല്ലാ എം.എൽഎമാരും തദ്ദേശ സ്ഥാപനങ്ങളും വ്യവസായ രംഗത്തെ സംഘടനകളും തൊഴിലാളി സംഘടനകളും തുടങ്ങി എല്ലാവരും ഈ ചരിത്ര ദൗത്യത്തിൽ പങ്കാളികളായി. പഴയ പൊതുബോധത്തിൽ ഇനിയും നാടിനെ കൊളുത്തിയിടാൻ ആവില്ല. സംരംഭക വർഷത്തിന്റെ അടുത്ത പടികളിലേക്ക് ചുവടു വെക്കാൻ ഒരുങ്ങുകയാണ് കേരളമെന്നും മന്ത്രി പറയുന്നു.




