- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കിടെ എരുമേലി സ്വദേശിക്ക് അപസ്മാര ലക്ഷണങ്ങൾ; കുഴഞ്ഞുവീണു; അടിയന്തര ചികിത്സ നൽകാൻ ആശുപത്രിയിലേക്ക് ഒരു കിലോമീറ്റർ തിരികെ ഓടിച്ച് കെഎസ്ആർടിസി ബസ്
കോട്ടയം: യാത്രക്കാരൻ അപസ്മാര ലക്ഷണം കാണിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെ അടിയന്തര ചികിത്സയൊരുക്കാൻ ഒരു കിലോമീറ്ററിലധികം ദൂരം തിരികെ ഓടിച്ച് കെഎസ്ആർടിസി ബസ് ജീവനക്കാർ മാതൃകയായി. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം നടന്നത്.
ബസ് കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടിൽ സഞ്ചരിക്കവേ കുളപ്പുറം എത്തിയപ്പോൾ യാത്രക്കാരനായ എരുമേലി സ്വദേശി അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും തുടർന്ന് ബസിൽ കുഴഞ്ഞ് വീഴുകയുമായിരുന്നു.
തുടർന്ന് രോഗിക്ക് അടിയന്തര ചികിത്സയൊരുക്കുവാൻ ഒരു കിലോ മീറ്റർ പിന്നിലുള്ള കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ എത്തിക്കുവാൻ ബസ് തിരികെ ഓടിക്കുവാൻ കെഎസ്ആർടിസി ബസ് ജീവനക്കാർ തീരുമാനിക്കുകയായിരുന്നു. കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിലെ കണ്ടക്ടർ ജയേഷ് ടി കെയും ഡ്രൈവർ ഷെബീർ അലിയുമാണ് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തിയത്.
പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിലെ ബസിൽ പെരുമ്പാവൂരിൽ നിന്നും കയറിയ അമ്പത്തിനാലുകാരനും മുൻ സൈനികനുമായ എരുമേലി സ്വദേശിയുടെ ജീവൻ രക്ഷിക്കുവാനാണ് കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാർ ശ്രമിച്ചത്.
കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് ആവശ്യമായ അടിയന്തര ചികിത്സ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ലഭ്യമാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബന്ധുക്കളെ ഫോണിൽ വിവരമറിയിച്ചതിന് ശേഷമാണ് ബസ് ജീവനക്കാർ യാത്ര തുടർന്നു. രോഗിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.




