കൊച്ചി: ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബിനെതിരായ പരാതിയിൽ കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജന്റെ മൊഴിയെടുത്തു. പുത്തൻകുരിശ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.

ജാതീയമായി അധിക്ഷേപിച്ചെന്ന എംഎൽഎയുടെ പരാതിയിൽ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നേരത്തെ സാബുവിനെതിരേ പൊലീസ് കേസെടുത്തിരുന്നു. ഓഗസ്റ്റ് 17ന് ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വേദിയിൽവച്ച് അപമാനിച്ചെന്നാണ് പരാതി.

താൻ വേദിയിലേക്ക് കയറിയപ്പോൾ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ഉൾപ്പെടെയുള്ളവർ വേദി വിട്ടു. സദസിലിരുന്നും ഇവർ അവഹേളനം തുടർന്നു. സാബു എം.ജേക്കബിന്റെ നിർദ്ദേശപ്രകാരമാണ് ഇവർ വേദിവിട്ടതെന്നും ഈ നടപടി തന്നെ അപമാനിക്കാൻ വേണ്ടിയാണെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. കേസിൽ സാബു ഒന്നാം പ്രതിയും ഡീന ദീപക്ക് രണ്ടാം പ്രതിയുമാണ്.