ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്ജി കെ.വിനോദ് ചന്ദ്രനെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ. സുപ്രീം കോടതി കൊളീജിയം നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചാലെ നിയമനം നടക്കൂ. ജസ്റ്റിസ് വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാൻ നേരത്തെ കൊളീജിയം ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ മടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള ശുപാർശ നൽകിയത്.

നോർത്ത് പറവൂർ സ്വദേശിയായ വിനോദ് ചന്ദ്രൻ 2011 ലാണ് ഹൈക്കോടതി ജഡ്ജിയായത്. ഇന്നലെ നടന്ന കൊളീജിയം യോഗത്തിലാണ് ഗുവാഹത്തി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് അദ്ദേഹത്തെ ശുപാർശ ചെയ്തത്. നിലവിലെ ഗുവാഹത്തി ചീഫ് ജസ്റ്റിസ് ജനുവരിയിൽ വിരമിക്കും. ജസ്റ്റിസ് വിനോദ് ചന്ദ്രനു പുറമേ, ഗുവാഹത്തി ഹൈക്കോടതിയിലെ എൻ.കെ.സിങ്ങിനെ ജമ്മു കശ്മീരിലും ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ എസ്.കെ.മിശ്രയെ ജാർഖണ്ഡ് ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസാക്കാനും ശുപാർശയുണ്ട്.