- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡിസംബർ 18 മുതൽ 21 വരെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ 18ന് വൈകീട്ട് അഞ്ച് മണിക്ക് കണ്ണൂർ പൊലീസ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടൂറിസം, പൊതുമരാമത്ത് യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും.
വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂർ നഗരത്തിൽ സാംസ്‌കാരിക ഘോഷയാത്ര നടക്കും. ഘോഷയാത്ര കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് പൊലീസ് മൈതാനിയിൽ സമാപിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാപരിപാടികൾ, ഫുട്ബോൾ ടോക്ക്, ലോകകപ്പ് ഫുട്ബോൾ ഫൈനൽ ബിഗ് സ്‌ക്രീൻ പ്രദർശനം എന്നിവയും ഒരുക്കിയതായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവർ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വ്യക്തിഗതമായും ക്ലബ് തലത്തിലും മത്സരം ഉണ്ടാവും. ഏറ്റവും മികച്ച ജില്ലയ്ക്ക് എവർ റോളിങ് ട്രോഫി സമ്മാനിക്കും. ഏറ്റവും മികച്ച ക്ലബിനും പുരസ്‌കാരം നൽകും. കലാതിലകം, കലാപ്രതിഭ എന്നിവർക്ക് 10,000 രൂപയുടെ പുരസ്‌കാരം നൽകും. കേരളോത്സവത്തിന്റെ കവറേജ്, ഫോട്ടോഗ്രഫി, റിപ്പോർട്ടിങ് എന്നിവയ്ക്ക് മാധ്യമപ്രവർത്തകർക്ക് 10,000 രൂപയുടെ കാഷ് അവാർഡ് നൽകും. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കും.
കണ്ണൂർ നഗരത്തിൽ പൊലീസ് മൈതാനി, മുനിസിപ്പൽ സ്‌കൂൾ, ദിനേശ് ഓഡിറ്റോറിയം, ജവഹർ ലൈബ്രറിയിലെ രണ്ടു വേദികൾ, കോളേജ് ഓഫ് കൊമേഴ്സ് എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച ആറു വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. 59 ഇനം കലാമത്സരങ്ങളിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽ നിന്ന് 3500ൽ പരം മത്സരാർഥികൾ എത്തിച്ചേരും. രജിസ്ട്രേഷൻ 18ന് ഉച്ച രണ്ടിന് ആരംഭിക്കും. 21ന് സമാപന സമ്മേളനം സാഹിത്യകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. അന്ന് സിതാര കൃഷ്ണകുമാർ നയിക്കുന്ന സംഗീതവിരുന്ന് ഉണ്ടാകും.




