മലപ്പുറം: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ കൊന്ന കാമുകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശിനി സൗജത്തിനെ കൊലപ്പെടുത്തിയ കേസിൽ കാമുകൻ ബഷീർ ആണ് അറസ്റ്റിലായത്. കൊലപാതകത്തിനുശേഷം ആത്മഹത്യാശ്രമം നടത്തിയ ബഷീർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ ഉടൻ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

ബഷീറിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് 2018 ഒക്ടോബറിൽ ബഷീറുമായി ചേർന്ന് സൗജത്ത്, ഭർത്താവ് സവാദിനെ കൊലപ്പെടുത്തിയത്. ഗൾഫിലായിരുന്ന ബഷീർ നാട്ടിൽ എത്തിയാണ് സൗജത്തുമായി ഗൂഢാലോചന നടത്തിയതും സവാദിനെ കൊലപ്പെടുത്തിയതും. സൗജത്തുമായി ഗൂഢാലോചന നടത്തി ഗൾഫിൽ നിന്ന് രണ്ടു ദിവസത്തെ അവധിക്കെത്തിയ ബഷീർ, താനൂരിലെ വീടിന്റെ വരാന്തയിൽ കിടന്ന് ഉറങ്ങുകയായിരുന്ന സവാദിനെ കമ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ നവംബർ 29നാണ് സൗജത്തിനെ കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ കണ്ടെത്തിയത്. സൗജത്തിനെ കൊലപ്പെടുത്തിയ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ബഷീർ കോഴിക്കോട് മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബഷീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.