അടിമാലി: സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്കൊപ്പമുള്ള സെൽഫി ചിത്രം സഹപ്രവർത്തകൻ മൊബൈലിൽ സ്റ്റാറ്റസാക്കിയതിന്റെ പേരിൽ യുവാക്കൾ തമ്മിലടിച്ചു. മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. മച്ചിപ്ലാവ് ചാറ്റുപാറ വരകുകാലായിൽ അനുരാഗ് (27), വാളറ സ്വദേശികളായ മുടവംമറ്റത്തിൽ രഞ്ജിത് (31), കാട്ടാറുകുടിയിൽ അരുൺ (28) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽ നിന്ന് ഇരുമ്പു വാൾ, പൈപ്പ്, ബേസ് ബോൾ ബാറ്റ്, കേബിൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒന്നാം പ്രതിയായ അനുരാഗിന്റെ സഹോദരന്റെ സുഹൃത്താണ് പെൺകുട്ടി. പെൺകുട്ടിക്കൊപ്പമുള്ള ചിത്രം സ്റ്റാറ്റസ് ആക്കിയ അഭിഷേകിനെ ഫോണിൽ വിളിച്ച് അനുരാഗ് ഭീഷണിപ്പെടുത്തുകയായിരുന്നു. സ്റ്റാറ്റസ് നീക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അഭിഷേക് തയ്യാറായില്ല. ഇതാണ് ആക്രമണത്തിലേക്ക് എത്തിയത്.

നിരന്തരമായ ഭീഷണി ഉണ്ടായതോടെ അഭിഷേക് തന്റെ സുഹൃത്തായ വിശ്വജിത്തിനോട് വിവരം പറഞ്ഞു. അനുരാഗുമായി വിശ്വജിത് അനുരഞ്ജന ചർച്ച നടത്തിയെങ്കിലും പരിഹാരം ഉണ്ടായില്ല. ഇതോടെ ചൊവ്വാഴ്ച രാത്രി ഏഴരയോടെ അനുരാഗും സംഘവും കാറിൽ മാരകായുധങ്ങളുമായി എത്തി ടൗണിൽ വച്ച് വിശ്വജിത്തിനെ ആക്രമിച്ചു. വിവരം അറിഞ്ഞെത്തിയ എസ്‌ഐ മാരായ കെ.എം. സന്തോഷ്, പ്രശോബ്, എസ് സിപിഒ ജിബി, പി.എസ്. ദിപു എന്നിവരുടെ സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അടിമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.