- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം; മനോധൈര്യം കൈവിടാതെ 48 യാത്രക്കാരെയും സുരക്ഷിതമാക്കി ബസ് നിർത്തിയ കെ.എസ്.ആർ.ടി.സിയുടെ മിടുക്കനായ ഡ്രൈവർ: ഒരു മാസത്തെ ചികിത്സയ്ക്കൊടുവിൽ സിഗീഷ് കുമാർ യാത്രയായി
താമരശ്ശേരി: ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരുഭാഗം തളർന്നു പോയ കെ.എസ്.ആർ.ടി.സി ഡ്രൈവർ സി.കെ. സിഗീഷ് കുമാർ (48) യാത്രയായി. ഒരു മാസം നീണ്ട ചികിത്സകൾക്കൊടുവിലാണ് സിഗീഷിന്റെ മരണം. ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം സംഭവിച്ച് ശരീരം തളർന്നിട്ടും ബസ് സുരക്ഷിതമായി നിർത്തി 48 യാത്രികരുടെയും കണ്ടക്ടറുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് സിഗീഷ് കുഴഞ്ഞ് വീണത്. താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവറായിരുന്നു താമരശ്ശേരി വെഴുപ്പൂർ ചുണ്ടക്കുന്നുമ്മൽ സി.കെ. സിഗീഷ് കുമാർ.
ഇക്കഴിഞ്ഞ നവംബർ 20-ന് കുന്നംകുളത്തുവച്ചാണ് ഡ്രൈവിങിനിടെ സിഗീഷ് കുഴഞ്ഞ് വീണത്. ബസ് നിർത്തിയ ഉടൻ ഡ്രൈവിങ് സീറ്റിൽ കുഴഞ്ഞുവീണ സിഗീഷ് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. അണുബാധയെത്തുടർന്ന് ആരോഗ്യനില വഷളായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട സിഗീഷ് കുമാർ ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഡ്രൈവിങ്ങിനിടെ ശരീരത്തിന്റെ ഒരുഭാഗം തളർന്ന് ബസിന്റെ ഗിയർപോലും മാറ്റാനാവാത്ത അവസ്ഥയിലും നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ് റോഡരികിൽ സുരക്ഷിതമായി നിർത്തുകയായിരുന്നു ഇദ്ദേഹം. തൊട്ടുപിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. അപ്പോൾ മാത്രമാണ് ഡ്രൈവർക്ക് പക്ഷാഘാതം സംഭവിച്ച വിവരം യാത്രക്കാരും കണ്ടക്ടറും അറിഞ്ഞത്. ഉടനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കുന്നംകുളത്തെ സംഭവത്തിനുമുമ്പും സിഗീഷിന്റെ മനോധൈര്യം യാത്രികരുടെ രക്ഷയ്ക്കെത്തിയിരുന്നു. ഇക്കഴിഞ്ഞ നവംബറിൽ മൂന്നാറിൽവെച്ച് സിഗീഷ് ഓടിച്ച ബസ്സിനുമുകളിലേക്ക് കല്ലും മണ്ണും മരച്ചില്ലകളും തകർന്നുവീണ് അപകടമുണ്ടായിരുന്നു. അന്ന് ചില്ല് ഉൾപ്പെടെ തകർന്ന ബസ് ഷീറ്റും മറ്റും ഉപയോഗിച്ച് താത്കാലികമായി യാത്രായോഗ്യമാക്കിയശേഷം യാത്രികരെ സുരക്ഷിതമായി അദ്ദേഹം നാട്ടിൽ തിരിച്ചെത്തിച്ചിരുന്നു.
വീട്ടിലും താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയിലും പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം ഒട്ടേറെപ്പേരാണ് എത്തിച്ചേർന്നത്. പിന്നീട് പുതുപ്പാടി പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
പരേതനായ ശ്രീധരന്റെയും മാളുവിന്റെയും മകനാണ് സിഗീഷ് കുമാർ. ഭാര്യ: സ്മിത. മകൾ: സാനിയ. സഹോദരി: പ്രിജി.