കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിൽ ആദ്യഭർത്താവ് റോയ് തോമസ് വധക്കേസിൽ കുറ്റവിമുക്ത ആക്കണമെന്നാവശ്യപ്പെട്ട് പ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി (48) നൽകിയ ഹർജി കോടതി തള്ളി. മാറാട് കേസുകൾക്കായുള്ള പ്രത്യേക അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി എസ്.ആർ. ശ്യാംലാലാണ് ഹരജി തള്ളിയത്.

വളരെ കാലത്തിനു ശേഷമെടുത്ത കേസിന് ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നും സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലുണ്ടായ കേസാണെന്നും മറ്റുമുള്ള വാദം തള്ളിയാണ് കോടതി ഉത്തരവ്. കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ കേസ് ഈ മാസം 24 ന് മാറ്റി. കൂട്ടക്കൊലയിലെ മറ്റ് കേസുകൾ 26ന് പരിഗണിക്കും.

മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ കൂടുതൽ ഫോറൻസിക് പരിശോധന ഫലങ്ങൾ കാത്തിരിക്കുകയാണ് മറ്റ് കേസുകളിൽ. മൊത്തം ആറ് കേസുകളിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് വധക്കേസിലാണ് വാദം പൂർത്തിയായി കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ മാറ്റിയത്.