ന്യൂഡൽഹി: ഗാർഹികപീഡന പരാതിയിൽ ഹിമാചൽ മുന്മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയും പിസിസി പ്രസിഡന്റുമായ പ്രതിഭാ സിങും മകനും ഹാജരാകണമെന്ന് കോടതി. വീരഭദ്ര സിങ്ങിന്റെ മകനും എംഎൽഎയുമായ വിക്രമാദിത്യ സിങിന്റെ ഭാര്യയുടെ പരാതിയിലാണ് കോടതി നിർദ്ദേശം. പ്രതിഭാ സിങും വിക്രമാദിത്യ സിങും അടക്കം കുടുംബാംഗങ്ങൾ എല്ലാം ഹാജരാകണമെന്നാണ് ഉദയ്പുർ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ബുധനാഴ്ച ഹാജരാകാതിരുന്നതിനെ തുടർന്ന് കേസ് ജനുവരി 13ലേക്ക് മാറ്റി. വിക്രമാദിത്യയുടെ ഭാര്യ സുദർശന സിങ് നൽകിയ പരാതിയിലാണു നടപടി. സ്ത്രീധനത്തിന്റെ പേരിലുൾപ്പെടെ ശാരീരിക, മാനസികപീഡനം നേരിട്ടതായും വീരഭദ്ര സിങ്ങിന്റെ മരണശേഷം തന്നെ പൂർണമായി അകറ്റിയതായും ഒക്ടോബർ 17ന് നൽകിയ പരാതിയിൽ പറയുന്നു. 2019 മാർച്ചിലായിരുന്നു വിക്രമാദിത്യയും സുദർശനയുമായുള്ള വിവാഹം.

കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചുവെന്ന വാർത്ത തള്ളി വിക്രമാദിത്യ രംഗത്തുവന്നിരുന്നു. ഹിമാചലിലെ കോൺഗ്രസ് ജയത്തിനു പിന്നാലെ സുഖ്‌വിന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ച പ്രതിഭാ സിങ്ങിനെ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടാണ് അനുനയിപ്പിച്ചത്. മകൻ വിക്രമാദിത്യ സിങ്ങിന് മന്ത്രിസഭയിൽ സുപ്രധാന പദവി ലഭിക്കുമെന്ന ചർച്ചകൾക്കിടെയാണു പുതിയ കേസ്.