തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ വെള്ളുടുമ്പൻ സ്രാവിനെ മത്സ്യത്തൊഴിലാളികൾ വലമുറിച്ച് കടലിലേലേക്ക് തിരിച്ചയച്ചു. വിഴിഞ്ഞം പുതിയതുറയിലെ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് വെള്ളുടുമ്പൻ സ്രാവ് കുടുങ്ങിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

വംശനാശ ഭീഷണി നേരിടുന്ന വെള്ളുടുമ്പൻ സ്രാവിനെ മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ കമ്പവല മുറിച്ച് കടലിലേക്ക് തിരികെ തള്ളിവിട്ടെങ്കിലും സ്രാവിന്റെ തല കര ഭാഗത്തോട് ചേർന്ന് കിടന്നതിനാൽ തിരികെ പോകാൻ കഴിയാതെയായി. തുടർന്ന് മത്സ്യത്തൊഴിലാളികൾ സ്രാവിന്റെ വാലിൽ കയർ കെട്ടി വലിച്ചാണ് തിരികെ കടലിലേക്ക് അയച്ചത്. കടലിലേക്ക് പോയ സ്രാവ് വീണ്ടും തിരികെ കരയിലേക്ക് അടുത്തെങ്കിലും തിരികെ പോയി.

വംശനാശ ഭീഷണി നേരിടുന്ന ഈ സമുദ്രജീവിയെ സംരക്ഷിക്കുന്നത് സംബന്ധിച്ച് വലിയ ബോധവത്കരണം മത്സ്യത്തൊഴിലാളികളിൽ നടത്തിയിട്ടുണ്ട്. അതിനാൽ മത്സ്യബന്ധന സമയത്ത് ഇവ വലയിൽ പെട്ടാൽ അതിനെ തിരികെ കടലിലേക്ക് വിടുകയാണ് മത്സ്യത്തൊഴിലാളികൾ ചെയ്യുക. ഇവയെ രക്ഷിക്കാൻ വലമുറിക്കേണ്ടി വരുന്നത് മത്സ്യത്തൊഴിലാളികൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുക.