പാലക്കുന്ന്: വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ അഞ്ചുവയസ്സുകാരന് 1.15 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മുന്നാട് കുണ്ടംപാറ ഹൗസിൽ അജയകുമാറിന്റെയും അർച്ചനയുടെയും മകൻ അദ്വിതിന് നഷ്ടപരിഹാരം നൽകാനാണ് നിർദ്ദേശം. കാസർകോട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റേതാണ് വിധി. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്.

വാഹനാപകടത്തെത്തുടർന്ന് തലയ്ക്കും കഴുത്തിനും പരിക്കേറ്റ കുട്ടി കിടപ്പിലാണ്. കേസ് നടന്നുകൊണ്ടിരിക്കെ കാസർകോട് മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ നിർദേശപ്രകാരം മെഡിക്കൽ ബോർഡ് നടത്തിയ പരിശോധനയിൽ കുട്ടിക്ക് 100 ശതമാനം വൈകല്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അശ്രദ്ധമായി കാർ ഓടിച്ചതിന് ഡ്രൈവറെ നേരത്തേ കോടതി ശിക്ഷിച്ചിരുന്നു.

2018 സെപ്റ്റംബർ 24-ന് പറശ്ശിനിക്കടവ് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം നടന്നത്. പരിയാരം ചുടലവളവിൽ ഇവർ സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ അദ്വിത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും ദീർഘകാലം ചികിത്സയിലായിരുന്നു. എട്ട് ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കുവേണ്ടി ചെലവാക്കി. ഇപ്പോൾ ഫിസിയോതെറാപ്പി ചെയ്തുവരികയാണ്.

കാസർകോട് പ്രിൻസിപ്പൽ വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി കെ.പി.സുനിതയാണ് നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ 1.15 കോടിയിലധികം തുക വിധിച്ചത്. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധിയും സുപ്രീം കോടതിയുടെ വിവിധ വിധികളും കുട്ടിക്ക് തുണയായി. ഹർജിക്കാരനുവേണ്ടി കരിപ്പോടിയിലെ കെ.വി.രാജേന്ദ്രകുമാർ ഹാജരായി.