- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16 ക്ലാസുകൾക്കും അദ്ധ്യാപകർക്കും പ്രഥമാധ്യാപകനും കൂടി ആറു മുറി; കഞ്ഞിവെപ്പും ക്ലാസിൽ തന്നെ: ശോച്യാവസ്ഥയിൽ നങ്ങ്യാർകുളങ്ങര ഗവ. യു.പി. സ്കൂൾ
ഹരിപ്പാട്: കുട്ടികൾക്ക് പഠിക്കാൻ ആവശ്യത്തിന് ക്ലാസ് മുറികൾ ഇല്ല. അദ്ധ്യാപകർക്കോ പ്രധമാധ്യാപകനോ ഇരിക്കാനും മുറികളില്ല. കുട്ടികൾക്ക് കഞ്ഞിവെക്കാനും സ്ഥലമില്ല. നങ്ങ്യാർകുളങ്ങര ഗവ. യു.പി. സ്‌കൂളിന്റെ അവസ്ഥയാണിത്. 16 ക്ലാസുകളിലായുള്ള 250 അദ്ധ്യാപകർക്കും 11 അദ്ധ്യാപർക്കുമായി ആകെയുള്ളത് ആറ് ക്ലാസ് മുറികളാണ്. സ്‌കൂളിനൊപ്പമുള്ള അങ്കണവാടിക്കുട്ടികൾക്കു ഭക്ഷണം തയ്യാറാക്കുന്നതും ക്ലാസിൽത്തന്നെ. ബാക്കിയുള്ളവർക്കായി വേറൊരു ഷെഡ്ഡുണ്ട്.
ദേശീയപാതാ വികസനത്തിനായി 10 മുറികളുള്ള പ്രധാനകെട്ടിടം അടുത്തിടെ പൊളിച്ചുനീക്കിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. അതുവരെ 16 മുറികളുണ്ടായിരുന്നു. ഒന്നുമുതൽ ഏഴുവരെയുള്ള ഇംഗ്ലീഷ്, മലയാളം മീഡിയം ക്‌ളാസുകളും പ്രീ-പ്രൈമറിയും അങ്കണവാടിയും ചേർത്ത് 16 പഠനമുറികളാണു വേണ്ടിയിരുന്നത്. കെട്ടിടം പൊളിച്ചതോടെ ചില ക്ലാസുകൾ ഒന്നിച്ചാക്കിയും ഒരേ മുറിയിൽ രണ്ടിടത്ത് ഇരുത്തിയുമൊക്കെയാണ് ഇപ്പോൾ പഠനം.
പ്രഥമാധ്യാപകന്റെ മുറിയും അദ്ധ്യാപകമുറിയും ക്ലാസുകളാക്കിയിട്ടും തികയുന്നില്ല. കഞ്ഞിക്കുള്ള അരിയും മറ്റും സൂക്ഷിക്കുന്നതിനും സൗകര്യവുമില്ല. കുട്ടികളില്ലാത്തതിനാൽ 2006-ൽ പൂട്ടാൻ തീരുമാനിച്ച സ്‌കൂളാണിത്. അന്നു 12 കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. ആ സമയത്ത് മറ്റൊരിടത്തുണ്ടായിരുന്ന അങ്കണവാടിയിലെ സാധനങ്ങൾ ഇവിടത്തെ ഒഴിഞ്ഞ മുറിയിലേക്കു മാറ്റി. പിന്നീട് അങ്കണവാടിയും ഇവിടെയാക്കി. അദ്ധ്യാപക-രക്ഷാകർത്തൃ ശ്രമഫലമായി പിന്നീട് കുട്ടികൾ കൂടി. ഇപ്പോൾ എല്ലാകൊല്ലവും ഇരുനൂറിലധികം കുട്ടികളുണ്ടാകും. ഇതിനിടെ പ്രീ-പ്രൈമറിയും തുടങ്ങി. പഴക്കമുള്ള കെട്ടിടങ്ങളായിരുന്നെങ്കിലും നന്നാക്കി ഉപയോഗിക്കുകയായിരുന്നു.
ഒരേക്കറോളം സ്ഥലം സ്‌കൂളിനുണ്ട്. ഇത് വേണ്ടവിധം പ്രയോജനപ്പെടുത്തിയാൽ സ്‌കൂളിന് കെട്ടിടമാകും. ഏഴുവർഷംമുമ്പ് പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ചു. സർക്കാർ മാറിവന്നതോടെ അതുപേക്ഷിച്ചു. പിന്നീട് മൂന്നുകോടി രൂപയുടെ പദ്ധതിയുണ്ടായി. വലിയ കെട്ടിടം പണിയാൻ കണക്കെടുപ്പും നടന്നു. പൊതുമരാമത്തുവകുപ്പ് കെട്ടിടത്തിന്റെ രൂപരേഖയുണ്ടാക്കാൻ ഒന്നര വർഷമെടുത്തു.
ഉപയോഗമില്ലാത്ത കെട്ടിടങ്ങൾ പൊളിക്കാനുള്ള തടസ്സമായിരുന്നു അടുത്ത കടമ്പ. അതു പൂർത്തിയാക്കാൻ നഗരസഭയ്ക്ക് രണ്ടര വർഷമാണു വേണ്ടിവന്നത്. പിന്നീട് വനംവകുപ്പിന്റെ ഊഴമായിരുന്നു. രണ്ടു മരം മുറിക്കാൻ ആറുമാസത്തോളം കാത്തിരിക്കേണ്ടിവന്നു. ഇതെല്ലാം കഴിഞ്ഞപ്പോഴേക്കും നാലരവർഷം കഴിഞ്ഞു. പദ്ധതിക്കുള്ള ധനവകുപ്പിന്റെ അനുമതിയും കരാർ നടപടിയുമാണ് ഇനിയുള്ളത്. ഉടനെ തീരുമാനമാകുമെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്. പക്ഷേ, കെട്ടിടംപണി എന്നു പൂർത്തിയാകുമെന്നു കണ്ടറിയണം.



