തേഞ്ഞിപ്പലം: തമിഴ്‌നാട് അണ്ണാമലൈ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം കോഴ്‌സുകൾക്ക് ഇനിമുതൽ കാലിക്കറ്റ് സർവ്വകലാശാലയിൽ തുല്യത ഇല്ല.

യുജിസി.യുടെ നിയമാവലികളും നിബന്ധനകളും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തുല്യത നൽകേണ്ടതില്ലെന്ന് കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിൽ തീരുമാനിക്കുക ആയിരുന്നു.

അണ്ണാമലൈ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ 2014-15 അധ്യയനവർഷം മുതലുള്ള അംഗീകാരം യുജിസി. പിൻവലിച്ചതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ചേർന്ന അക്കാദമിക് കൗൺസിലാണ് ഈ തീരുമാനമെടുത്തത്.

കെ.കെ. ബാലകൃഷ്ണനാണ് വിഷയം ഉന്നയിച്ചത്. അംഗീകാരം പിൻവലിച്ചതിനെതിരേ സുപ്രീംകോടതിയിൽ കേസുണ്ട്. കോടതിവിധിക്ക് വിധേയമായി തുടർതീരുമാനമെടുക്കാനും അക്കാദമിക് കൗൺസിലിൽ ധാരണയായി.

2015-ലും അതിനുശേഷവുമുള്ള എല്ലാ ബിരുദ-ബിരുദാനന്തര കോഴ്സുകൾക്കും ഇതു ബാധകമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ജോലി സമ്പാദിച്ചവർക്കും തിരിച്ചടിയാകുന്നതാണ് നടപടി.