- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയും മകനും എത്തിയില്ലെങ്കിലും സൽവാനോസ് അച്ചനെ കാണാൻ വളർത്തുമകൾ എത്തി; വിതുമ്പിക്കരഞ്ഞ് ലിൻസി
കാളികാവ്: അന്ത്യചുംബനം നൽകാൻ ഭാര്യയും മകനും എത്തിയില്ലെങ്കിലും സൽവാനോസ് അച്ചനെത്തേടി വളർത്തു മകൾ എത്തി. അച്ചന്റെ സ്‌നേഹ വാത്സല്യം അനുഭവിച്ചറിഞ്ഞ അട്ടപ്പാടിയിൽനിന്നുള്ള വളർത്തുമകൾ ലിൻസിയാണ് അവസാനമായി ഒരു നോക്ക് കാണാൻ കോയമ്പത്തൂരിൽ നിന്നും എത്തിയത്. സ്‌നേഹവാത്സല്യം നിറഞ്ഞ അച്ചന്റെ ഓർമ്മകളിൽ അവർ വിതുമ്പിനിന്നു.
അച്ചന്റ സ്‌നേഹവും കരുതലും ഏറെനാൾ നേരിട്ടനുഭവിച്ച് വളർന്ന കുട്ടിയായിരുന്നു കോയമ്പത്തൂരിൽ ജി.എസ്.ടി. ഓഫീസ് അക്കൗണ്ടന്റായ ലിൻസി പി. ചാക്കോ. അട്ടപ്പാടി മുണ്ടമ്പാറയിൽ വികാരിയായി അദ്ദേഹമെത്തിയതാണ് ലിൻസിയുടെ ജീവിതം ഇപ്പോഴത്തെ നിലയിലെത്താൻ കാരണം. മുണ്ടമ്പാറയിൽ വികാരിയായി അദ്ദേഹമെത്തുമ്പോൾ ലിൻസിക്ക് നാലുവയസ്സായിരുന്നു. പിതാവില്ലാത്ത ലിൻസിയെ അമ്മ കൂലിപ്പണിയെടുത്താണ് വളർത്തിയിരുന്നത്. പള്ളിയിലെ കപ്യാരിൽനിന്നാണ് ലിൻസിയുടെ വിവരം അച്ചനറിഞ്ഞത്.
ലിൻസിയെ കാണാൻ വീട്ടിലെത്തിയ അച്ചൻ ചോമ്പാല ഹോസ്റ്റലിലാക്കി. അവിടെ കഴിയാൻ പ്രയാസമുണ്ടെന്നറിഞ്ഞ് മടക്കിക്കൊണ്ടുവന്ന് തൃശ്ശൂർ ബഥേൽ ആശ്രമത്തിൽ ചേർത്ത് പഠിപ്പിച്ചു. സ്‌കൂൾ പഠനകാലത്ത് അച്ചൻ സമയം കിട്ടുമ്പോഴൊക്കെ കാണാനെത്തിയിരുന്നു. എസ്.എസ്.എൽ.സി. കഴിഞ്ഞശേഷം അച്ചനെ ലിൻസി കണ്ടിട്ടില്ല. ബുധനാഴ്ച അന്തരിച്ച വൈദികന് ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്‌ഐ.) വിടനൽകി.
വ്യാഴാഴ്ച മണിമൂളി സി.എസ്‌ഐ. പള്ളിയിൽ പൊതുദർശനത്തിനുവെച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാൻ ബന്ധുക്കളടക്കം ഒട്ടേറെപ്പേരെത്തി. അപ്പോഴും അച്ചനെ അന്ത്യചുംബനം നൽകി യാത്രയാക്കാൻ ഭാര്യയും ഏകമകനും എത്തിയില്ല. വൈദികവൃത്തിയിൽനിന്ന് വിരമിച്ചശേഷം മനസ്സിന്റെ താളംതെറ്റിയ അദ്ദേഹത്തിന് 15 വർഷത്തോളം ഒറ്റപ്പെട്ടു ജീവിക്കേണ്ടിവന്നിരുന്നു. അവസാന ഒരുവർഷം ശരണാലയത്തിലായിരുന്നു.
സി.എസ്‌ഐ. മലബാർ മഹാ ഇടവക അധ്യക്ഷൻ റവ. ഡോ. റോയിസ് മനോജ് വിക്ടർ, മഹാ ഇടവക ട്രഷറർ റവ. ഷൈൻ സി.കെ, പുരോഹിതന്മാർ, സുവിശേഷകർ, ഹിമ ജനറൽസെക്രട്ടറി ഫരീദ് റഹ്മാനി തുടങ്ങിയവർ അന്ത്യശുശ്രൂഷയ്ക്ക് സാക്ഷികളായി. മൃതദേഹം അടക്കംചെയ്യാനായി ജന്മനാടായ പാറശ്ശാലയിലേക്ക് കൊണ്ടുപോയി.



