തിരുവനന്തപുരം: കെപിസിസി പുനഃസംഘടന പാർട്ടിയുടെ താഴെത്തട്ടിൽ പൂർണമായി നടപ്പിലാക്കുമെന്ന് കെ. മുരളീധരൻ എംപി. ഗ്രൂപ്പിന് അതീതമായ പുനഃസംഘടന നടപ്പിലാക്കും. ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലം വരെ സമ്പൂർണ പുനഃസംഘടന നടത്തും. കാര്യക്ഷമമായ പുനഃസംഘടന ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരൻ പറഞ്ഞു.

ബ്ലോക്ക് തലം വരെയുള്ള പുനഃസംഘടനയിൽ എംപിമാരുടെ അഭിപ്രായം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശശി തരൂരിന്റെ അഭിപ്രായവും പരിഗണിക്കണം. ഗ്രൂപ്പല്ല, കാര്യക്ഷതയാകണം മാനദണ്ഡം. അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകുമെന്നും മുരളീധരൻ പ്രതികരിച്ചു.

നാളെ നടക്കുന്നത് ഭാരവാഹികളുടെ മാത്രം യോഗമാണ്. രാഷ്ട്രീയ കാര്യ സമിതിയിൽ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. താഴെത്തട്ടിൽ പൂർണ്ണമായും പുനഃസംഘടന ഉണ്ടാകും. യോഗ്യതയുള്ളവരെ ഭാരവാഹികൾ ആക്കണം. എക്സിനെ മാറ്റി വൈയെ വയ്ക്കുമ്പോൾ യോഗ്യത മാനദണ്ഡമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.