തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വനിതാ കൗൺസിലർമാർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡിആർ അനിലിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അദ്ദേഹം രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ പുറത്താക്കണം. സ്ത്രീകളെ അവഹേളിച്ച ഡിആർ അനിലിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യണം. മുമ്പ് ഡെപ്യൂട്ടി മേയറും വനിതാ കൗൺസിലർമാർക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ ഉദ്ദാഹരണമാണ് തിരുവനന്തപുരം കോർപ്പറേഷനെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മേയറുടെ നേതൃത്വത്തിൽ നടന്ന പിൻവാതിൽ നിയമനങ്ങൾക്കും അഴിമതിക്കുമെതിരെ പ്രതിഷേധിച്ച ഒൻപത് ബിജെപി കൗൺസിലർമാർക്കെതിരെ നടപടിയെടുത്തത് ജനാധിപത്യവിരുദ്ധമാണ്. സിപിഎമ്മിന്റെ ഫാസിസ്റ്റ് സമീപനമാണ് ഈ നടപടിയിലൂടെ വ്യക്തമായിരിക്കുന്നത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. നഗരസഭ ഭരണ സമിതി പിരിച്ചുവിടുകയാണ് വേണ്ടത്. സസ്‌പെൻഷൻ നടപടികൾക്ക് മുമ്പിൽ ബിജെപി മുട്ടുമടക്കില്ല. സമരം കൂടുതൽ ശക്തമാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.