കടുമേനി: പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കടുമേനി വെള്ളരിക്കുണ്ടിലെ വിമുക്തഭടൻ ചീരമറ്റത്തിൽ ടോമി (51), കർഷകത്തൊഴിലാളിയായ മുത്തലി (57) എന്നിവർക്കാണ് രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റത്.

ഉച്ചയോടെ സ്വന്തം തോട്ടത്തിൽ നിന്നും റബർപാൽ സംഭരിച്ച് മടങ്ങുമ്പോഴാണ് പിന്നിൽനിന്നും ഓടിയെത്തിയ പന്നി ടോമിയെ ആക്രമിച്ചത്. വാരിയെല്ലുകൾക്ക് ഗുരുതരമായ പരിക്കേറ്റ ടോമിയെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടുമേനിയിലെ കരിമഠത്തിൽ സിസിലിയുടെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് മുത്തലിയെ കാട്ടുപന്നി ആക്രമിച്ചത്. ഇദ്ദേഹത്തെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.