മാവേലിക്കര: അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ബൈക്ക് യാത്രികനും മറ്റൊരു ബൈക്ക് യാത്രികനും പരിക്കേറ്റു. ബൈക്ക് ഓടിച്ച പത്തനംതിട്ട നരിയാപുരം വയല വടക്ക് മഠത്തിലയ്യത്ത് സുബിൻ എസ് (30) നാണ് ഗുരുതര പരിക്കേറ്റത്.

ഇയാളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവാവ് റോഡിലേക്ക് തെറിച്ചു വീഴുകയും ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവർ സഞ്ചരിച്ച ബൈക്കിൽ നിന്നും രണ്ട് പൊതികളിലായുള്ള 105 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കൊച്ചാലുംമൂടിന് സമീപം മറ്റൊരു ബൈക്കിൽ ഇടിച്ച ശേഷമാണ് ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.

സിഡ്‌കോ ജീവനക്കാരനായ കല്ലിന്മേൽ ബാലസദനത്തിൽ പ്രകാശ് (34) ന് പരിക്കേറ്റു. ഇയാളെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ഓടെ തഴക്കര പഞ്ചായത്ത് ഓഫീസിന് സമീപം ആയിരുന്നു അപകടം.

കൊച്ചാലുംമൂട്ടിൽ ബൈക്ക് യാത്രികൻ പ്രകാശിനെ ഇടിച്ചിട്ട ശേഷം അമിത വേഗതയിൽ പോകുന്നതിനിടയിലാണ് പഞ്ചായത്ത് ഓഫീസിന് സമീപത്തെ അശ്വതി ഹോട്ടലിന് മുമ്പിലേക്ക് ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്.

ഹോട്ടൽ ഉടമ ഫൽഗുനൻ തലനാരിഴക്കാണ് വലിയ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഹോട്ടലിൽ ചായ തയ്യാറാക്കി കൊണ്ട് നിൽക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. പുറകിലോട്ട് ചാടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

ഹോട്ടലിന്റെ മുൻ ഭാഗം പൂർണ്ണമായി തകർന്നു . പരിക്കേറ്റ ബൈക്ക് യാത്രികൻ സുബിനെ അപകട സമയം അതു വഴി പോയ പന്തളം പൊലീസ് സ്റ്റേഷൻ ജീപ്പിൽ പൊലീസുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മാവേലിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.