കാസർകോട്: വാഹന പരിശോധനയ്ക്കിടെ കയ്യെത്തും ദൂരത്ത് കിട്ടിയ കുപ്രസിദ്ധ കുറ്റവാളി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. നിരവധി കേസുകളിൽ പ്രതിയായ പനയാൽ പെരിയാട്ടടുക്കയിലെ എ.എച്ച്.ഹാഷിം (41) ആണ് പൊലീസിന്റെ നിരീക്ഷണത്തിൽ നിന്നു രക്ഷപ്പെട്ടത്. വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കബളിപ്പിച്ച് കാറിൽ കടന്നുകളഞ്ഞെങ്കിലും പൊലീസ് പിന്തുടർന്നതിനിടെ ഇയാളുടെ കാർ അപകടത്തിൽപെട്ടു. റോഡരികിലെ ഓവുചാലിൽ പതിച്ച കാറിൽ നിന്നും ഇയാൾ ഇറങ്ങിയോടി. ഇയാൾക്കായി പൊലീസ് അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല.

കർണാടകയിൽ രണ്ട് കവർച്ചാ കേസുകളിൽ പ്രതിയായ ഹാഷിം കാസർകോട്ടെത്തിയതായി കർണാടക പൊലീസ് കാസർകോട് പൊലീസിനെ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്. വ്യാഴാഴ്ച അർധരാത്രിയോടെ കാസർകോട് ഇൻസ്‌പെക്ടർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കാസർകോട് ചന്ദ്രഗിരി കവലയിൽ പരിശോധന ഏർപ്പെടുത്തി്. ഇവിടേക്ക് എത്തിയ കാർ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്നാണ് പൊലീസ് ഇയാളെ പിന്തുടർന്നത്.

കെ.എസ്.ടി.പി. റോഡിലൂടെ അമിത വേഗത്തിൽ ഓടിച്ചു പോയ കാർ പുലിക്കുന്ന് റോഡിലൂടെ മുന്നോട്ട് പോയി തളങ്കര സിറാമിക്സ് റോഡിലേക്ക് കടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് റോഡരികിലെ ഓവുചാലിലേക്ക് പതിച്ചത്. കാറിനു പിന്നാലെയുണ്ടായിരുന്ന പൊലീസ് വണ്ടിയിൽ നിന്നിറങ്ങി അപകടത്തിൽ പെട്ട കാറിനടുത്തേക്ക് എത്തിയപ്പോഴേക്കും പ്രതി കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

അപകട വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. പൊലീസ് സമീപത്തെ കാസർകോട് റെയിൽവേ സ്റ്റേഷനിലടക്കം പരിശോധന നടത്തിയെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല. ഹാഷിമിനെ കണ്ടെത്താൻ കർണാടക പൊലീസും കാസർകോട് ടൗൺ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്.