പാലക്കാട്: ഓൺലൈൻ വഴി പൊതുമേഖലാ ബാങ്കിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ഒട്ടേറെ കേസുകളിലെ പ്രതിയും ഇന്ത്യനേപ്പാൾ അതിർത്തി കേന്ദ്രീകരിച്ചു കള്ളക്കടത്ത് നടത്തുന്ന സംഘത്തിന്റെ തലവനുമായ ജീവൻകുമാർ (32) ആണ് പിടിയിലായത്. ബിഹാർ അരാരിയ ജില്ലയിലെ ദുമരിയ സ്വദേശിയാണ്. നേപ്പാൾ അതിർത്തിയിൽ നിന്നു പാലക്കാട് സൗത്ത് പൊലീസ് സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ലോക്കൽ പൊലീസ് സഹായിക്കാതിരുന്നതിനെ തുടർന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, പാലക്കാട് എഎസ്‌പി എ.ഷാഹുൽ ഹമീദ് എന്നിവരുടെ ഇടപെടലിൽ അരാരിയ ജില്ലാ പൊലീസ് മേധാവിയുടെ പിന്തുണയോടെയാണു പ്രതി മാറിത്താമസിച്ചിരുന്ന സ്ഥലങ്ങൾ കണ്ടെത്താനായത്. ഒട്ടേറെ കേസുകളിലെ പ്രതിയും ഇന്ത്യനേപ്പാൾ അതിർത്തി കേന്ദ്രീകരിച്ചു കള്ളക്കടത്ത് നടത്തുന്ന സംഘത്തിന്റെ തലവനുമാണ് ഇയാൾ.

ഡൽഹി, പട്‌ന, ചണ്ഡിഗഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രതിയും മറ്റു രണ്ടു പേരും ചേർന്നു തയാറാക്കിയ പദ്ധതിയിലൂടെയാണു ബാങ്കിനെ കബളിപ്പിച്ചത്. 2 പേരെ ഉത്തർപ്രദേശിലെ മീററ്റിൽ നിന്നും കന്യാകല്യാൺപൂരിൽ നിന്നും ഇതേ അന്വേഷണസംഘം കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടാനുള്ള വഴി തെളിഞ്ഞിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. 2 പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

വിവിധ ബാങ്കുകളിൽ നിന്ന് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത സംഘത്തെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. പാലക്കാട് സൗത്ത് ഇൻസ്‌പെക്ടർ ഷിജു ഏബ്രഹാമിനാണ് അന്വേഷണച്ചുമതല. സൗത്ത് എസ്‌ഐമാരായ എ.ഗിരീഷ്, ജെ.ബി.ശ്യാംകുമാർ, എം.ശിവദാസ്, ട്രാഫിക് സ്റ്റേഷനിലെ ബി.ഷൈജു, ജില്ലാ ക്രൈം സ്‌ക്വാഡിലെ ആർ.കിഷോർ, ആർ.വിനീഷ്, മുഹമ്മദ് ഷനോസ്, എഎസ്‌ഐ സി.ദേവി എന്നിവർ സംഘത്തിലുണ്ടായിരുന്നു.