കൊച്ചി: കലൂരിൽ ലോകകപ്പ് ഫൈനൽ കണ്ടു മടങ്ങുമ്പോൾ പ്രകോപിതരായി പൊലീസുകാരെ മർദിച്ച സംഭത്തിൽ മൂന്നു പേർ അറസ്റ്റിൽ. ബാങ്ക് റോഡ് നിലവരേത്ത് വീട്ടിൽ അരുൺ ജോർജ്(31), പോണേത്ത് റോഡ് തടങ്ങാട് വീട്ടിൽ ശരത്(32), നിലവിൽ ആസാദ് റോഡ് കോഴിവേലിപ്പറമ്പിൽ താമസിക്കുന്ന പോണേത്ത് റോഡ് പൂവങ്കേരി ഹൗസിൽ റിവിൻ(33) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 11.30ന് ആയിരുന്നു സംഭവം. വലിയ സ്‌ക്രീനിൽ കളി കാണാനെത്തി മടങ്ങുകയായിരുന്ന യുവാക്കളാണ് ആക്രമണം അഴിച്ചു വിട്ടത്.

തിരക്കിനിടെ ഗതാഗത തടസ്സമുണ്ടായതോടെ നോർത്ത് സ്റ്റേഷനിലെ സിപിഒമാരായ ലിപിൻരാജ്, വിപിൻ എന്നിവർ യുവാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ ഉദ്യോഗസ്ഥരെ രണ്ടു പേരെയും യുവാക്കൾ ക്രൂരമായി മർദിക്കുകയായിരുന്നു. പ്രതികളിൽ അരുൺ ജോർജ് അസഭ്യം പറയുകയും ലിബിൻരാജിനെ മുഖത്തിടിക്കുകയും കാലിൽ ചവിട്ടുകയും റോഡിലൂടെ കാലിൽ പിടിച്ചു വലിച്ചിഴയ്ക്കുകയും ചെയ്തു. പൊലീസുകാരെ പ്രതികൾ സംഘം ചേർന്നു നിലത്തിട്ടു ചവിട്ടി.

സംഭവദിവസം രാത്രി തന്നെ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാളെ പിന്നീട് പിടികൂടി. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപിച്ചതിനുമാണു പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.