കൊച്ചി: എറണാകുളം കുന്നത്ത് നാട്ടിൽ 88 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ബഹാദുർ ഇസ്ലാംമിനെയാണ് പൊലീസ് പിടികൂടിയത്. കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചിരങ്ങര ഭാഗത്ത് നിന്നുമാണ് ഇയാൾ പിടിയിലാവുന്നത്.

കഴിഞ്ഞ ദിവസം 8 ലക്ഷം രൂപയുടെ ഹെറോയിനുമായി 5 മലയാളികൾ നവിമുംബൈയിൽ പൊലിസിന്റെ പിടിയിലായിരുന്നു. കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖി, കണ്ണൂർ സ്വദേശികളായ നസീർ മൂസ, മുഹമ്മദ് അക്രം, അമൻ മഹ്‌മൂദ്, കോഴിക്കോട് സ്വദേശി നന്ദു സുബ്രഹ്‌മണ്യം എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ വിശദമായ അന്വേഷണത്തിന് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നവിമുംബൈ എപിഎംസി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. 8.27 ലക്ഷം രൂപ വിലവരുന്ന 84 ഗ്രാം ഹെറോയിനാണ് ഇവരിൽനിന്നും പിടികൂടിയത്.